പത്തനംതിട്ട : വളരെ പ്രതീക്ഷയോടെയാണ് ചങ്ങനാശ്ശേരി പെരുന്നയിലെ പത്മ കഫെയില്‍ ഇന്നലെ (16/09/23) ഞാന്‍ കയറിയത്. മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള വിശാലമായ പാര്‍ക്കിംഗ് എന്നെ നേരത്തെതന്നെ ആകൃഷ്ടനാക്കിയിരുന്നു. ഒരുമാസം മുമ്പ് അവിടെ കയറി പുറത്തുള്ള സൌകര്യത്തില്‍ നിന്നുകൊണ്ട് ഒരു ചായ കുടിക്കുകയും ചെയ്തിരുന്നു. നല്ല വൃത്തിയും വെടിപ്പും അന്ന് എനിക്ക് അനുഭവപ്പെട്ടു. വൃത്തിയുള്ള മുറ്റവും വളരെ നന്നായി സൂക്ഷിക്കുന്ന ടോയ്‌ലറ്റുകളും വളരെ ഇഷ്ടപ്പെട്ടു. കൂടാതെ തിരക്കുപിടിച്ച യാത്രയില്‍ പെട്ടെന്ന് കയറി ആഹാരം കഴിക്കാവുന്ന പാതയോരത്തെ ഒരു ഹോട്ടല്‍, അതും മാനേജ്മെന്റ് എന്‍.എസ്.എസ് യൂണിയന്‍ ആയതിനാല്‍ പിന്നൊന്നും ആലോചിച്ചില്ല.
എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇന്നലെ എനിക്കുണ്ടായത്. രാവിലെ 8 മണിക്കാണ് സംഭവം. ഏറണാകുളത്തേക്കുള്ള യാത്രയില്‍ പെട്ടെന്ന് കയറി ആഹാരം കഴിച്ചിറങ്ങാം എന്നുകരുതിയ എനിക്ക് ആദ്യംതന്നെ തെറ്റി. B6 ടേബിളില്‍ ഞങ്ങള്‍ രണ്ടുപേര്‍ ഏറെനേരം കാത്തിരുന്നപ്പോഴാണ് ഒരാള്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നത്. സാധാരണ വെജിറ്റേറിയന്‍ ഹോട്ടലില്‍ സര്‍വ്വസാധാരണമായതും ഞങ്ങള്‍ ആഗ്രഹിച്ചതുമായ ചപ്പാത്തിയും പൂരിയും ഇവിടെയില്ല. അതിനാല്‍ ഇഡ്ഡലിക്കും ദോശക്കും ഓര്‍ഡര്‍ നല്‍കി. ആദ്യം ലഭിച്ചത് ഇഡ്ഡലി, പിന്നീട് വളരെയധികം താമസിച്ചാണ് ദോശ എത്തിയത്. വട വേണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരം ഉഴുന്നുവടയും ലഭിച്ചു. ഈ സമയമത്രയും ഞങ്ങള്‍ വെറുതെ ഇരുന്നില്ല. കയ്യിലും പാത്രത്തിലും വന്നിരിക്കുന്ന ഈച്ചയെ ഓടിക്കുന്ന ജോലിയും ചെയ്തു. ഇതൊക്കെ സത്യം തന്നെയാണ് ..
ഇനിയുള്ള കാര്യമാണ് പ്രധാനം. അലുവാ പോലെയിരിക്കുന്ന മൂന്ന് ഇഡ്ഡലി. ആലങ്കാരികമായി പറഞ്ഞതല്ല, ശരിക്കും അലുവ ഇഡ്ഡലി. അതായത് മാവ് ശരിയായി കൂട്ടുകയോ പുളിക്കുകയോ ചെയ്തിട്ടില്ല. വിശപ്പുകൊണ്ടും സമയക്കുറവ് കൊണ്ടും ഒന്നര അലുവാ ഇഡ്ഡലി പീസാക്കി കഴിച്ചു. ഉഴുന്നുവടക്ക് കൈകൊടുത്തപ്പോള്‍ അതും മനോഹരം. കൈകൊടുത്തതല്ലേ…വട എന്തുവിചാരിക്കും …ഒരു ചെറിയ പീസ് അതും അകത്താക്കി. കൂടെയുള്ള ആള്‍ (മകന്‍) ഓര്‍ഡര്‍ ചെയ്തത് രണ്ടു ദോശയും ഉഴുന്നുവടയും. ഞാന്‍ അഭിപ്രായം ഒന്നും ചോദിച്ചില്ല, കാരണം കയ്യില്‍ കുഴഞ്ഞുപിടിക്കുന്ന ദോശയുമായി അവന്‍ യുദ്ധം ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. പിന്നെ കൂടുതല്‍ ചോദിച്ചാല്‍ ഞാനല്ലല്ലോ ഇവിടെ കേറാന്‍ പറഞ്ഞത് …അപ്പനല്ലേ പറഞ്ഞത് ..എന്നുപറഞ്ഞാല്‍ എനിക്ക് ഉത്തരംമുട്ടും, അതുകൊണ്ട് ഞാന്‍ മൌനം പാലിച്ചു. അതാണ് ബുദ്ധിയെന്ന് എന്റെ അന്തരംഗവും എന്നെ ഉപദേശിച്ചു.
സാരമില്ല ഒരു ചായകുടിച്ചാല്‍ പകുതി വിശപ്പ് പോകുമല്ലോ ..ഒരു ഉന്മേഷവും കിട്ടും. അങ്ങനെ ഏറെനേരത്തെ ശ്രമത്തിനുശേഷം സപ്ലയര്‍ സാറിനെ വിളിച്ചുവരുത്തി രണ്ടു ചായക്കും ഓര്‍ഡര്‍ നല്‍കി. തുടര്‍ന്ന് ഈ സാര്‍ പുറത്തെ ചായ നിര്‍മ്മാണ ശാലയിലേക്ക് ഊളിയിട്ടു. തലങ്ങും വിലങ്ങും നോക്കിയിട്ടും ചായ വരുന്നില്ല. വീണ്ടും സപ്ലയര്‍ സാറിന്റെ പിന്നാലെ പോയി ..തിരക്കുണ്ട് ..ചായ പെട്ടെന്ന് തരണം എന്ന് പറഞ്ഞു. കുറ്റം പറയരുതല്ലോ ..ചായ കിട്ടി, കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന പഴമൊഴി ഞാന്‍ ഓര്‍ത്തു. അടുത്തത് പത്മയുടെ കുറിമാനത്തിനുള്ള കാത്തിരിപ്പ്. വീണ്ടും സപ്ലയര്‍ സാറിനെ നോക്കി ..കണ്ടില്ല. കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ഭവതിയോട് എനിക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ പറഞ്ഞു. അവരും തിരക്കിലാണെന്ന് അഭിനയിച്ചു …ഞാന്‍ വീണ്ടും അടുക്കളയിലേക്ക് എത്തിനോക്കി….അതാ എന്റെ സപ്ലയര്‍ സാര്‍ അവിടെയുണ്ട്. വിളിച്ചാല്‍ കേള്‍ക്കില്ലല്ലോ. എന്റെ രോദനം കേട്ടിട്ട് മറ്റൊരാള്‍ ചോദിച്ചു …എവിടെയാണ് ഇരുന്നത് എന്ന്. ഉടന്‍ ഞാന്‍ ടേബിള്‍ ചൂണ്ടിക്കാട്ടി. നിമിഷനേരംകൊണ്ട് ബില്‍ അടിച്ചു തന്നു.
വീണ്ടും ഞാന്‍ തലയില്‍ കൈവെച്ചു… ഇഡ്ഡലി മൂന്നെണ്ണം 45 രൂപ, ദോശ രണ്ടെണ്ണം 30 രൂപ, ഉഴുന്നുവട ഒരെണ്ണം 15 രൂപ, ചായ രണ്ടെണ്ണം 30 രൂപ..! ആകെ 114 രൂപ 30 പൈസ. ടാക്സ് ഉള്‍പ്പെടെ മൊത്തം 120 രൂപ. ആഹാരം കഴിച്ചതിന്റെ കണക്കല്ല… മോശം സര്‍വീസും ആഹാരവും നല്‍കിയതിന്റെ വിശകലനം മാത്രമാണിത്. സാധാരണ ഹോട്ടലുകളില്‍ ചായക്ക് 12 രൂപ, പൂപോലെയുള്ള ഇഡ്ഡലിക്ക് 10 രൂപ, പഞ്ഞിപോലെയുള്ള ദോശക്ക് 10 രൂപാ, കറുമുറെ കടിക്കാവുന്ന ഉഴുന്നുവടക്ക് 12 രൂപ. എന്നിട്ടും ഹോട്ടല്‍ ഉടമകള്‍ക്കെതിരെ എവിടെയും പരാതിയാണ്. അപ്പോള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ലേബലില്‍ നടത്തുന്ന പത്മ കഫെ ജനങ്ങളെ കൊള്ളയടിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബില്ല് കൊടുക്കാന്‍ നേരം കാഷ് കൌണ്ടറില്‍ ഇരുന്ന ഭവതിയോട് ഞാന്‍ ചോദിച്ചു ..ആരാണ് ഇതിന്റെ ഇവിടുത്തെ മാനേജര്‍, എനിക്ക് ഫോണ്‍ നമ്പര്‍ തരാമോ ?. വരമ്പത്ത് കൂലി പോലെ ഉടന്‍ മറുപടിയും കിട്ടി. അഖില്‍ സാര്‍ ആണ് ഇതിന്റെ ചാര്‍ജ്ജ്. എന്നാല്‍ അദ്ദേഹത്തിന്റെ ഉള്‍പ്പെടെ ആരുടേയും നമ്പര്‍ തരാന്‍ പറ്റില്ല. നിവര്‍ത്തിയില്ലാതെ പത്തിമടക്കി ഞാന്‍ പിന്‍വാങ്ങി. യൂണിയനും മതസംഘടനക്കും സൈബര്‍ പോരാളികള്‍ക്കും ഒന്നും തോന്നരുത് ..ഞാന്‍ ലാത്തിരി കത്തിച്ചു.>>> പ്രകാശ് ഇഞ്ചത്താനം, ചീഫ് എഡിറ്റര്‍, പത്തനംതിട്ട മീഡിയ – ഫോണ്‍ 94473 6626, 85471 98263, 0468 2333033. Mail – [email protected]