തിരുവനന്തപുരം : സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ദുരൂഹത ആരോപിച്ച് കേരള രജിസ്ട്രാർ ഓഫ് കമ്പനി (കേരള ആർ.ഒ.സി.) യുടെയും റിപ്പോർട്ട്. എക്സാലോജിക്കിനെക്കുറിച്ച് കർണാടക ആർ.ഒ.സി. നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിൽ വിശദാന്വേഷണം ശുപാർശചെയ്ത് കേരള രജിസ്ട്രാർ ഓഫ് കമ്പനി (കേരള ആർ.ഒ.സി.).
സി.എം.ആർ.എലിന്റെ 2016-17 മുതൽ തുടർച്ചയായി മൂന്നുവർഷത്തെ കണക്കുകൾ പരിശോധിച്ചു. അതിൽ വീണയ്ക്കും അവരുടെ കമ്പനിക്കും പ്രത്യേകമായി പണം നൽകിയതായി കണ്ടെത്തി. 96 ലക്ഷം രൂപയാണ് വീണയ്ക്കുമാത്രം നൽകിയത്. ഇതിനായി വീണയോ അവരുടെ കമ്പനിയോ പ്രത്യേകിച്ച് ഒരുസേവനവും സി.എം.ആർ.എലിന് നൽകിയിട്ടില്ല. കൃത്യമായ വിവരങ്ങളോ രേഖകളോ നൽകുന്നതിനും കഴിഞ്ഞിട്ടില്ല. നൽകിയ വിവരങ്ങൾ അവ്യക്തമാണ്.