ബെയ്റൂട്ട് : ലെബനനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ. ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്‍പതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് അക്രമണമെന്നാണ് വിവരം. ആക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ ബെഞ്ചമിൻ നെതന്യാഹു പുറത്താക്കി. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനം. നേരത്തെ ഹമാസിന് നേരെയുണ്ടായ ഒരു ആക്രമണത്തിന്റെ പേരിൽ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗല്ലാന്റിനോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനമെടുക്കുന്നുവെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ വിദേശകാര്യമന്ത്രിയായ ‘ഇസ്രയേൽ കാട്സ്’ ആണ് ഗല്ലാന്റിന് പകരക്കാരനായെത്തുക. പുറത്താക്കിയ ശേഷവും രാജ്യത്തിന്റെ സുരക്ഷ തന്നെയാകും തന്റെ ലക്ഷ്യമെന്ന് ഗല്ലാന്റ് വ്യക്തമാക്കിയിരുന്നു.