ഗാസ: ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുകയായിരുന്നവർക്ക് നേരെ ഇസ്രയേൽ സേനയുടെ ആക്രമണം. വെള്ളിയാഴ്ച നടന്ന രണ്ട് സംഭവങ്ങളിലായി കുറഞ്ഞത് 34 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് വീണ്ടും ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിന് സമീപം അൽ ശുഹദ ജംഗ്ഷനിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ഇവിടെ ഭക്ഷണം വിതരണം ചെയ്യാനായി കൊണ്ടുവരുന്നത് കാത്തുനിൽക്കുകയായിരുന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. 23 പേരുടെ മൃതദേഹങ്ങൾ ഇവിടെ നിന്ന് കൊണ്ടുവന്നതായി അൽ ഔദ ആശുപത്രി അധികൃതർ അറിയിച്ചു.
നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരതരമാണ്. മറ്റൊരു സംഭവത്തിൽ മദ്ധ്യഗാസയിലെ ദേർ അൽ ബലാഹിന് സമീപം അൽ മആസറ പ്രദേശത്ത് ഇസ്രയേൽ സൈന്യം ഒരു കെട്ടിടത്തിന് ബോംബിട്ടു. ഇവിടെ 11 പേർ കൊല്ലപ്പെട്ടു. ഇവിടെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും വിതരണം ചെയ്യുമ്പോൾ വാങ്ങാനെത്തുന്ന സാധാരണ ജനങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തി നിരവധിപ്പേരെ കൊലപ്പെടുത്തിയിരുന്നു.