ഗാസ: അഭയാർത്ഥികൾ താമസിക്കുന്ന ഗാസ സിറ്റിയിലെ സലാഹ് അൽ-ദിൻ സ്‌കൂളിൽ വീണ്ടും ബോംബാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ ഗാസയിൽ ഉടനീളം 26 പലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിലെ ഇസ്രയേൽ ഉപരോധം 100 ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം പുനഃരാരംഭിച്ചതിനുശേഷം 5,000 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി പലസ്തീൻ ഉദ്യോഗസ്ഥർ അറിയിച്ചു. ദോഹയിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിന്റ് ജോ ബൈഡൻ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 2023 ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46,584 പലസ്തീൻക്കാർ കൊല്ലപ്പെടുകയും 109,731 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
100 ദിവസത്തെ ഉപരോധത്തിന് ശേഷം സങ്കൽപ്പിക്കാനാവാത്ത ദുരിതത്തിലാണ് വടക്കൻ ഗാസയിലെ ജനങ്ങൾ എന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ പലസ്തീനിലെ കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഷൈന ലോ പറയുന്നു. അവിടെ വെള്ളവും ഭക്ഷണവും വളരെ കുറവാണ്. ഒപ്പം സഹായം നിഷേധിക്കപ്പെടുന്നുവെന്നും ലോ പറഞ്ഞു. ഗാസ സിറ്റി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി പുരുഷന്മാരെയും ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ലോ പറഞ്ഞു.