ഗാസ്സ സിറ്റി: ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 404 ആയെന്ന് ഗാസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ്സയിലുടനീളമുണ്ടായ ആക്രമണത്തിൽ 562 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഗാസ്സയിലെ ആരോഗ്യ കേന്ദ്രങ്ങൾ നിറഞ്ഞിരിക്കുകയാണ്. കുട്ടികളുൾപ്പെടെ മരിച്ചവരുടെ ഭയാനകമായ ദൃശ്യങ്ങളാണ് എങ്ങുമുള്ളതെന്ന് യുഎൻആർഡബ്ല്യുഎ തലവൻ ഫിലിപ്പ് ലസ്സാരിനി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. യുദ്ധം പുനരാരംഭിക്കുന്നത് കൂടുതൽ കഷ്ടപ്പാടും ദുരിതവും മാത്രമേ കൊണ്ടുവരൂ. വെടിനിർത്തലിലേക്ക് തിരിച്ചുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ആക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു. നെതന്യാഹു സർക്കാരിന്റെ വംശഹത്യാ നയം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും സാർവത്രിക മൂല്യങ്ങളുടെയും ലംഘനങ്ങളിലൂടെ ഇസ്രായേൽ മനുഷ്യരാശിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസ്സയിലേത് അതിക്രൂരമായ ആക്രമണമാണെന്ന് മാൾട്ടയുടെ പ്രധാനമന്ത്രി റോബർട്ട് അബേല ‘എക്സി’ൽ കുറിച്ചു. ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. വെടിനിർത്തലിന്റെ രണ്ടാംഘട്ടം ഉടൻ നടപ്പാക്കണമെന്നും ഇത് സമാധാനത്തിലേക്ക് നയിക്കുമെന്നും ബെൽജിയൻ വിദേശകാര്യ മന്ത്രി മാക്സിം പ്രിവോട്ട് വ്യക്തമാക്കി. വെടിനിർത്തൽ കരാറിലേക്ക് ഉടൻ മടങ്ങണമെന്ന് സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയവും ആഹ്വാനം ചെയ്തു. ആക്രമണത്തിൽ ഇരയായവരുടെ എണ്ണം വർധിക്കുന്നതിനാൽ ഗസ്സയിലെ ജനങ്ങളോട് എല്ലാ ആശുപത്രികളും ആരോഗ്യ മന്ത്രാലയവും രക്തം ദാനം ചെയ്യാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ചികിത്സക്ക് വേണ്ട ഉപകരണങ്ങളുടെയും വേദനാ സംഹാരി ഉൾപ്പെടെയുള്ള മരുന്നുകളുടെയും വലിയ ദൗർലഭ്യം നേരിടുന്നുണ്ട്. കഴിഞ്ഞ 17 ദിവസമായി സഹായ ട്രക്കുകൾ ഗസ്സയിലേക്ക് വരുന്നത് ഇസ്രായേൽ വിലക്കിയിട്ടുണ്ട്. ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.