ജറുസലം : പത്തു ലക്ഷത്തിലേറെ പലസ്തീന്‍കാര്‍ അഭയാര്‍ഥികൂടാരങ്ങളില്‍ കഴിയുന്ന തെക്കന്‍ ഗാസയിലെ റഫയില്‍ രാത്രികാല ബോംബിടല്‍ ഇസ്രയേല്‍ ശക്തമാക്കി. ഇന്നലെ കനത്ത ബോംബാക്രമണങ്ങളില്‍ നഗരമധ്യത്തിലെ അല്‍ ഫാറൂഖ് മസ്ജിദും 7 വീടുകളും തകര്‍ന്നടിഞ്ഞു. 24 മണിക്കൂറിനിടെ 97 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്കു പരുക്കേറ്റു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 29,410 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 69,465 പേര്‍ക്കു പരുക്കേറ്റു. സുരക്ഷാപ്രശ്‌നം മൂലം ഗാസയില്‍ സഹായവിതരണം നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തില്‍ അടിയന്തിര വെടിനിര്‍ത്തലിന് യുനിസെഫ്, യുഎന്‍എച്ച്‌സിആര്‍, ഡബ്ല്യൂഎഫ്പി എന്നീ ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സികളും ലോകാരോഗ്യസംഘടനയും സംയുക്ത പ്രസ്താവനയിറക്കി. പട്ടിണിയുടെ നിഴലിലായ ഗാസയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. ആശുപത്രികള്‍ പോലും യുദ്ധക്കളമായി മാറി. 10 ലക്ഷം കുട്ടികളാണു ദിവസവും യുദ്ധഭീകരത നേരിടുന്നത്. റഫയിലേക്കു കൂടി ആക്രമണം വ്യാപിക്കുന്നത് വന്‍ ആള്‍നാശത്തിനിടയാക്കും പ്രസ്താവനയില്‍ അറിയിച്ചു.
വടക്കന്‍ ഗാസയില്‍ ജനങ്ങള്‍ക്ക് കാലിത്തീറ്റ മാത്രമാണു ഭക്ഷണമായി ശേഷിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിക്കു (യുഎന്‍ആര്‍ഡബ്‌ള്യൂഎ) യുഎസ് അടക്കം 16 പാശ്ചാത്യ രാജ്യങ്ങള്‍ സഹായം നിര്‍ത്തിയതിനാല്‍ ഈ മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഏജന്‍സിയുടെ ലബനന്‍ ഓഫിസ് മേധാവി ഡൊറോത്തി ക്ലോസ് പറഞ്ഞു.
പലസ്തീനില്‍ 13,000 ജീവനക്കാരുള്ള ഏജന്‍സിയുടെ 12 പേര്‍ക്കു ഹമാസ് ബന്ധമുണ്ടെന്ന ഇസ്രയേല്‍ ആരോപണത്തെത്തുടര്‍ന്നാണു ധനസഹായം നിര്‍ത്തിയത്. യുഎന്‍ അന്വേഷണം നടത്തിയെങ്കിലും ഇസ്രയേല്‍ ഇതേവരെ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഗാസയില്‍ 12 അഭയാര്‍ഥി ക്യാംപുകളാണ് യുഎന്‍ആര്‍ഡബ്‌ള്യൂഎ നടത്തുന്നത്. ഇന്നലെ ചെങ്കടലില്‍ ഏദന്‍ തീരത്ത് ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പല്‍ ഹൂതികളുടെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്നു തീപിടിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ചെക്‌പോസ്റ്റില്‍ വെടിവെയ്പ് നടത്തിയ 3 പലസ്തീന്‍ യുവാക്കളില്‍ 2 പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊന്നു. ഒരാളെ അറസ്റ്റ് ചെയ്തു. വെടിവയ്പില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്കു പരുക്കേറ്റു.