ഗാസ്സ സിറ്റി: പട്ടിണി പിടിമുറുക്കിയ ഗാസ്സയിലേക്ക് അടിയന്തര സഹായം ഉടൻ എത്തിക്കണമെന്ന യുഎൻ അഭ്യർഥന തള്ളി ഇസ്രായേൽ. ഇന്നുമുതൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഭക്ഷ്യശേഖരം പൂർണമായും അവസാനിച്ചതോടെ ഗാസ്സയിൽ ലക്ഷങ്ങൾ പട്ടിണി മൂലം മരിക്കേണ്ട സാഹചര്യം രൂപപ്പെട്ടതായി ലോക ഭക്ഷ്യപദ്ധതി സാരഥികൾ വെളിപ്പെടുത്തി. രണ്ടു മാസത്തിലേറെയായി ഒരു ട്രക്ക് പോലും ഗാസ്സയിലേക്ക് കടത്തി വിടാൻ ഇസ്രായേൽ തയാറായിട്ടില്ല. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ശേഖരം അവസാനിച്ചിരിക്കെ, എത്രയും വേഗം സാധന സാമഗ്രികൾ ഗാസ്സയിൽ എത്തിക്കേണ്ട ബാധ്യത ലോകസമൂഹം ഏറ്റെടുക്കണമെന്ന യു.എൻ അഭ്യർഥനയും ഇസ്രായേൽ തള്ളി.
ഇന്നുമുതൽ ഗാസ്സയിൽ യുദ്ധം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഇസ്രായേൽ സൈനികമേധാവി അറിയിച്ചു. ഹമാസ് പോരാളികളെ വകവരുത്താൻ ആക്രമണം വിപുലപ്പെടുത്തേണ്ട ഘട്ടത്തിലാണ് ഇസ്രായേലെന്നും സൈനിക മേധാവി വ്യക്തമാക്കി. ബന്ദികളുടെ മോചനത്തിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ബന്ദികളുടെ മോചനം പരമപ്രധാനമാണെന്നും അതിനായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമാക്കാൻ ട്രംപ് വിസമ്മതിച്ചു. കെയ്‌റോയിലും ദോഹയിലും കേന്ദ്രീകരിച്ച് വെടിനിർത്തൽ ചർച്ച തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ നൽകുന്ന സൂചന.
ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു മുമ്പാകെ ഗസ്സയുടെ ദുരിതം സംബന്ധിച്ച വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും. പിന്നിട്ട നാലു ദിവസങ്ങളായി നിരവധി രാജ്യങ്ങളും കൂട്ടായ്മകളുമാണ് ഇസ്രായേലിന്‍റെ വംശഹത്യാ നടപടികളുമായി ബന്ധപ്പെട്ട തെളിവുകൾ കോടതിക്ക് കൈമാറിയത്. ഇസ്രായേലിന്‍റെ ക്രൂരത തടയേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന് ഇന്തോനേഷ്യയും ഖത്തറും വ്യക്തമാക്കി. അതിനിടെ ഇസ്രായേലിലെ ജറുസലേമിൽ ആളിപ്പടർന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ഏകദേശം 3,000 ഏക്കർ ഭൂമി കത്തിനശിച്ചു. ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇസ്രായേലിന് സഹായം വാദ്ഗാനം ചെയ്തു