ജറൂസലം: ഗാസ്സയിൽ മാത്രമല്ല, അയൽരാജ്യങ്ങളായ ലബനാൻ, സിറിയ എന്നിവിടങ്ങളിലും പിടിച്ചടക്കിയ ഭൂമികളിൽ ഇസ്രായേൽ സൈന്യം അനിശ്ചിത കാലത്തേക്ക് തുടരുമെന്ന ഭീഷണിയുമായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. കുടിയിറക്കി പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് പൂർണമായി ആളെ ഒഴിപ്പിക്കുന്നതിന് പകരം സൈനികരെ നിലനിർത്തി അവയെ സുരക്ഷിത മേഖലകളാക്കുകയാണ് ലക്ഷ്യമെന്ന് കാറ്റ്സ് പറഞ്ഞു. വെടിനിർത്തൽ അവസാനിച്ച ശേഷം വീണ്ടും കരസേന ആക്രമണം നടത്തിയ ഗാസ്സയിൽ കഴിഞ്ഞ ആഴ്ചകളിലായി നിരവധി പ്രദേശങ്ങൾ ഇസ്രായേൽ സൈന്യം പിടിച്ചടക്കിയിരുന്നു. ബന്ദി മോചനത്തിന് ഹമാസിനെ നിർബന്ധിക്കാനെന്ന പേരിലാണ് നടപടിയെങ്കിലും കൂടുതൽ സൈന്യത്തെ വിന്യസിച്ച് നിയന്ത്രണം ശക്തമാക്കുകയാണ്.
ഹിസ്ബുല്ലക്കെതിരെ ആക്രമണവുമായി കഴിഞ്ഞ വർഷം ലബനാനിലെത്തിയ ഇസ്രായേൽ സേന ചില ഭാഗങ്ങളിൽനിന്ന് ഇനിയും പിൻവാങ്ങിയിട്ടില്ല. ബശ്ശാറുൽ അസദിനെ മറിച്ചിട്ട സൈനിക അട്ടിമറിക്കുടൻ തെക്കൻ സിറിയയിലേക്ക് കടന്നുകയറിയ ഇസ്രായേൽ സൈന്യം അവിടെയും അക്രമം തുടരുകയാണ്. അതിനിടെ ഗാസ്സയിൽ ആശുപത്രിയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. കുവൈത്ത് ഫീൽഡ് ഹോസ്പിറ്റലിന്റെ വടക്കേ ഗേറ്റിലുണ്ടായ ബോംബാക്രമണത്തിൽ ഒരു മെഡിക്കൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒമ്പതുപേർക്ക് പരിക്കേറ്റു. എല്ലാവരും രോഗികളോ മെഡിക്കൽ ജീവനക്കാരോ ആണ്. ഗാസ്സയിലെ ആശുപത്രികളിലേറെയും ഇസ്രായേൽ ബോംബിങ്ങിൽ തകർക്കപ്പെട്ടനിലയിലാണ്. ഇതിനിടെയാണ് വീണ്ടും ആശുപത്രി ലക്ഷ്യമിടുന്നത്.
ബുധനാഴ്ച മാത്രം വിവിധ ആക്രമണങ്ങളിൽ 24 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞിരുന്നു. വെടിനിർത്തൽ അവസാനിച്ച മുറക്ക് മരുന്നും ഭക്ഷണവും അവശ്യ സേവനങ്ങളും പൂർണമായി മുടക്കപ്പെട്ട ഗാസ്സ കടുത്ത പട്ടിണിയുടെ മുനയിലാണ്. അതിനിടെ കഴിഞ്ഞ ദിവസത്തെ ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദിയുമായി ബന്ധം നഷ്ടമായതായി ഹമാസ് വ്യക്തമാക്കി. അമേരിക്കൻ- ഇസ്രായേൽ സൈനികനായ എഡൻ അലക്സാണ്ടർ എന്ന ഇരുപത്തൊന്നുകാരനുമായാണ് ബന്ധം നഷ്ടപ്പെട്ടത്. അതേ സമയം വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
10 ബന്ദികളെ വിട്ടയക്കുകയെന്ന വ്യവസ്ഥയിൽ 45 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ഇസ്രായേൽ നിർദേശം. ഗാസ്സയെ സമ്പൂർണമായി നിരായുധീകരിക്കലും ഇതിന്റെ ഭാഗമാണ്. രാജ്യത്ത് ബന്ദി മോചനത്തിന് സമ്മർദം ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഏറ്റവുമൊടുവിൽ 200 പോലീസുകാർ ബന്ദിമോചനത്തിന് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇസ്രായേൽ നിർദേശം പഠിച്ചുവരുകയാണെന്നാണ് ഹമാസ് വിശദീകരണം.