ഖാൻ യൂനിസ്: ഗസ്സക്കുമേലുള്ള ഉപരോധം കടുപ്പിച്ച് ഇസ്രായേൽ ഭരണകൂടം. ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കുന്നത് പോലും തടഞ്ഞ ഇസ്രായേലിന്റെ ക്രൂരത ലോക മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതാണ്. മാർച്ച് 2 മുതൽ ഗസ്സയിലേക്ക് വെള്ളമോ ഭക്ഷണമോ ഇന്ധനമോ അവശ്യ വസ്തുക്കളോ ഒന്നും തന്നെ കടത്തി വിടാതെ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ. യുഎൻ അയച്ച 90 സഹായ ട്രക്കുകൾ ഇത് വരേ ഇസ്രായേൽ കടത്തി വിട്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് സാധനങ്ങൾ മാത്രം ഗസ്സകാർക്ക് വിതരണം ചെയ്തുവെന്ന് റിപോർട്ടുകൾ. അതേസമയം ഇന്ധനം പോലുള്ള വസ്തുക്കൾ കടത്തി വിടാൻ ഇസ്രായേൽ സമ്മതിക്കുന്നില്ലെന്നും യുഎൻ പറഞ്ഞു.
ഇസ്രായേൽ സൈനിക ആക്രമണം നിർത്തിവെക്കുകയും മാനുഷിക സഹായങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഒരേ സ്വരത്തിൽ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ 100 ട്രക്കുകൾക്ക് പ്രവേശിക്കാനുള്ള അനുമതി നൽകുമെന്ന് ഇസ്രായേൽ അറിയിക്കുകയായിരുന്നു. ഇസ്രായേലിന്റെ ഗസ്സയോടുള്ള ക്രൂര നടപടി കണക്കിലെടുത്ത് ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ് ബ്രിട്ടൻ. അന്താരാഷ്ട്ര സമർദ്ധങ്ങളുടെ ഫലമായി ഗസ്സയിലേക്ക് ഭക്ഷണ സാധനങ്ങൾ കടത്തിവിടാം എന്ന് നെതന്യാഹു സമ്മതിച്ചിരുന്നെങ്കിലും തങ്ങൾ അയച്ച സഹായങ്ങളെല്ലാം ഗസ്സയിൽ എത്തിയിട്ടില്ലെന്നാണ് യുഎൻ പറയുന്നത്.