ഗാസ്സ: അധിനിവേശ ഗാസ്സയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം മൂലമുണ്ടായ കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസ്സ സിറ്റിയിൽ നാല് വയസ്സുള്ള കുട്ടി മരിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് മുസ്തഫ യാസിൻ (4) എന്ന കുട്ടിയാണ് പോഷകാഹാരക്കുറവ് മൂലമാണ് മരിച്ചതെന്ന് അൽ-അഹ്ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ മരണത്തോടെ ഇസ്രായേൽ ഉപരോധത്തിൽ കഴിഞ്ഞ 80 ദിവസത്തിനുള്ളിൽ പട്ടിണി കിടന്ന് മരിച്ച ഫലസ്തീനികളുടെ എണ്ണം 58 ആയി. ഈ കാലയളവിൽ ഭക്ഷണവും മരുന്നും ലഭിക്കാതെ 242 പേർ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
2.1 ദശലക്ഷം വരുന്ന ഫലസ്തീനികളെ മുഴുവൻ പട്ടിണിയുടെ വക്കിലെത്തിച്ച് മാർച്ച് ആദ്യം മുതൽ ഗസ്സയിൽ എത്തുന്ന എല്ലാ സഹായങ്ങളും ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഗസ്സയിൽ നിലവിൽ മരുന്നുകളുടെയും ഇന്ധനത്തിന്റെയും വിതരണങ്ങൾ നിലച്ചിരിക്കുകയാണ്.ഇസ്രേയൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ പ്രതിഷേധം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബറിൽ ഇസ്രായേൽ വംശഹത്യ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് ഗസ്സ നേരിടുന്നതെന്നും സാധാരണക്കാർ ക്ഷാമത്തിന്റെ ആസന്നമായ അപകടസാധ്യതയിലാണെന്നും വെള്ളിയാഴ്ച 80 രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.