വെസ്റ്റ്ബാങ്ക്: ഫലസ്തീനികളെ വെസ്റ്റ് ബാങ്കിൽനിന്ന് നിർബന്ധിതമായി കുടിയിറക്കുന്ന നടപടിക്കെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. വെസ്റ്റ്ബാങ്കിൽ നിർബന്ധിത കുടിയിറക്കൽ എന്ന യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ യെഷ് ദിനും ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേലും കുറ്റപ്പെടുത്തി. ഇരു സംഘടനകളും ചേർന്ന് പുറത്തിറക്കിയ സംയുക്ത റിപ്പോർട്ടിലാണ് വിമർശനം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പ്രത്യേകിച്ച് റാമല്ലയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഇടയ സമൂഹങ്ങളാണ് നിർബന്ധിത കുടിയിറക്കലിന് ഇരയാവുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരു സംഘടനകളുടെയും പ്രതിനിധികൾ രണ്ട് വർഷത്തോളം ഈ മേഖലകൾ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
‘കുടിയിറക്കപ്പെട്ട സമൂഹങ്ങൾ, വിസ്മൃതരായ ആളുകൾ’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ടിൽ, 2023 ജനുവരി മുതൽ ഈ പ്രദേശത്തെ 1,000ത്തിലധികം ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കിയിട്ടുണ്ടെന്നും പതിറ്റാണ്ടുകളായി അവിടെ താമസിച്ചിരുന്ന ഫലസ്തീൻ നിവാസികളിൽ നിന്ന് ഏകദേശം 1,00,000 ഡുനം ഭൂമി പിടിച്ചെടുത്തതായും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്ന യുദ്ധക്കുറ്റത്തിന് ഇസ്രായേലും ഉത്തരവാദിയാണെന്നും വ്യക്തമാക്കുന്നു. ‘ഈ പ്രവൃത്തികളുടെ വ്യവസ്ഥാപിത സ്വഭാവവും വ്യത്യസ്ത സ്ഥലങ്ങളിൽ ഇവ ആവർത്തിക്കുന്നതും വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിൽ ഇസ്രായേൽ പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന രീതികൾ നടപ്പാക്കുന്നുണ്ടെന്ന ഗുരുതരമായ നിഗമനത്തിലേക്ക് നയിക്കുന്നു’ എന്ന് റിപ്പോർട്ട് വിശദമാക്കുന്നു.