ഇറാന്‍ : ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ മേഖലയിലെ രഹസ്യാന്വേഷണകേന്ദ്രം ആക്രമിച്ചതായി ഇറാന്‍ സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്സ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് റെവല്യൂഷണറി ഗാര്‍ഡ് കോപ്സിന്റെ പ്രസ്താവന പുറത്തുവന്നു. കുര്‍ദിസ്താനിലെ മൊസാദിന്റെ ആസ്ഥാനമെന്ന് ആരോപിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ചാരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായ കേന്ദ്രമാണ് ആക്രമിച്ചതെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
പലസ്തീനെതിരായി ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരാണ് നീക്കമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിറിയയിലെയും കുര്‍ദിസ്താന്‍ മേഖലയിലും ഇവര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.