ഗാസ്സസിറ്റി: അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് ഗാസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ തുടരുന്നു. ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്. ഗാസ്സയിലെ ഏക ഡയാലിസിസ് സെന്ററും ഇസ്രായേല്‍ തകര്‍ത്തു.വടക്കൻ ഗാസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രമാണ് ഇസ്രായേൽ തകർത്തത്. ബെയ്ത് ലാഹിയയിലുള്ള നൂറ അൽ-കാബി കിഡ്‌നി ഡയാലിസിസ് സെന്ററിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇന്തോനേഷ്യൻ ആശുപത്രിയുടെ ഭാഗമായ ഈ കേന്ദ്രം, വൃക്ക തകരാറിലായ 160ലധികം രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. വടക്കൻ ഗാസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രമാണിത്.
നേരത്തെ ഒരാക്രമണത്തിന് ശേഷം കേന്ദ്രം അടച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തുറന്ന് ഒരാഴ്ച പിന്നിടവേയാണ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് വ്യക്തമാക്കി. നിരപ്പാക്കാനും മറ്റും ഇസ്രായേലി ബുള്‍ഡോസറുകള്‍ സ്ഥലത്തുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ഡയാലിസിസ് സെന്ററുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ വൃക്ക രോഗികളില്‍ 41 ശതമാനവും യുദ്ധകാലത്ത് തന്നെ മരിച്ചുവെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ധനവും ആവശ്യത്തിന് മരുന്നുകളും ഇല്ലാത്തതിനാല്‍ തന്നെ സെന്ററിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് നടക്കുന്നത്. ഇതിനിടെയാണ് കേന്ദ്രം തന്നെ, ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കുന്നത്.