തിരുവനന്തപുരം : വി എസ് എസ് സിയിലേക്ക് കൊണ്ടുവന്ന ഐ എസ് ആര്‍ ഒ കാര്‍ഗോ വാഹനം പ്രദേശവാസികള്‍ തടഞ്ഞു. വിന്‍ഡ് ടണല്‍ പദ്ധതിക്ക് മുംബൈയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ അടങ്ങിയ വാഹനങ്ങളാണ് തടഞ്ഞത്. പോലീസും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം തുടരുന്നു.
വിന്‍ഡ് ടണല്‍ പദ്ധതി തിരുവനന്തപുരം വേളിയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് മുതല്‍ പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ കരാര്‍ ജോലികള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്ന ആവശ്യമായിരുന്നു നാട്ടുകാര്‍ ഉന്നയിച്ചത്. ഐ എസ് ആര്‍ ഒയുടെ സുരക്ഷ കണക്കിലെടുത്ത് ജോലി നല്‍കാനാകില്ലെന്ന നിലപാടായിരുന്നു അധികൃതര്‍ സ്വീകരിച്ചത്.
ഇന്ന് കാര്‍ഗോ വാഹനം എത്തുമെന്ന് അറിഞ്ഞതു മുതല്‍ ജനം പ്രദേശത്ത് തടിച്ചുകൂടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും എത്തിയിരുന്നു. വാഹനമെത്തിയതോടെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ പോലീസ് നീക്കി. വാഹനം തങ്ങളുടെ ഭാഗത്തുകൂടി കൊണ്ടുപോകണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ പ്രധാന ഗെയ്റ്റുവഴിയാണ് കൊണ്ടുപോയത്. ഇതോടെ ജനം പ്രതിഷേധം കടുപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത തുടരുകയാണ്.