ബംഗളൂരു: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍റെ മകന് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയതായി പരാതി. ഐ എസ് ആര്‍ ഒയുടെ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ് സെന്ററിലാണ് (എല്‍പിഎസ്‌സി) ശിവന്‍റെ മകന്‍ സിദ്ധാര്‍ത്ഥിനെ നിയമിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ അന്വേഷണം തുടങ്ങി.
എല്‍ പി എസ് സി ഡയറക്ടര്‍ ഡോ വി നാരായണന്‍ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലേക്കു സ്ഥലം മാറിപോകുന്നതിന് മുമ്പായി ധൃതിപിടിച്ച് നിയമനം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഐ എസ് ആര്‍ ഒയിലേക്ക് നിയമനം നടത്തുക.
എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ കാര്യത്തില്‍ ഇതൊന്നും പാലിക്കാതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ നവംബര്‍ 20നാണ് സയന്റിസ്റ്റ് എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയത്. അതേസമയം ഡോ ശിവന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.