ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) ഒരു ചാരഉപഗ്രഹമല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ജിഎസ്എൽവി-എഫ്17 റോക്കറ്റ് ഉപയോഗിച്ചുള്ള വിജയകരമായ ഉപഗ്രഹവിക്ഷേപണത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്പൈ അഥവാ ചാരപ്രവർത്തനങ്ങൾക്കായി ഈ ഉപഗ്രഹം ഉപയോഗിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “സ്പൈ” എന്നത് വളരെ നെഗറ്റീവായ ഒരു പദമാണെന്നും ഇന്ത്യയെയും സമീപപ്രദേശങ്ങളെയും നിരന്തരമായി നിരീക്ഷിക്കുന്നതിനായുള്ള ഒരു ബഹുമുഖ പ്ലാറ്റ്‌ഫോമാണ് ഇഒഎസ്-05 എന്നും അദ്ദേഹം പറഞ്ഞു.
ഈ ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം പ്രവർത്തിക്കുക. ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം തന്നെ ഇത് സഞ്ചരിക്കുന്നതിനാൽ ഒരു സിസിടിവി ക്യാമറ പോലെ നിരന്തരം ബഹിരാകാശത്തുനിന്ന് നിശ്ചിത ഭൂപ്രദേശത്ത് ഒരേ ദിശയിൽ നിരീക്ഷണം നടത്താൻ ഈ ഉപഗ്രഹത്തിന് സാധിക്കും.
രാജ്യത്തിന്റെ തത്സമയ ദൃശ്യങ്ങൾ തുടർച്ചയായി നൽകാൻ ശേഷിയുള്ള ഇഒഎസ്-05-ൽനിന്നുള്ള വിവരങ്ങൾ പ്രധാനമായും കൃഷി, ദുരന്തനിവാരണം എന്നീ മേഖലകൾക്കാണ് പ്രയോജനപ്പെടുക. ഒമ്പത് വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. വെള്ളിയാഴ്ച പുലർച്ചെ 2:55-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്നാണ് ജിഎസ്എൽവി-എഫ്17 റോക്കറ്റ് വിക്ഷേപിച്ചത്. മഴയും മോശം കാലാവസ്ഥയും അവഗണിച്ചായിരുന്നു ഈ വിക്ഷേപണം. ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. 2,367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലാണ് റോക്കറ്റ് എത്തിച്ചത്. വിക്ഷേപണത്തിനുശേഷം ഉപഗ്രഹത്തിന്റെ പ്രവർത്തനം പൂർണതോതിലാണെന്നും സോളാർ പാനലുകൾ വിജയകരമായി നിവർന്നതായും ഐഎസ്ആർഒ ചെയർമാൻ സ്ഥിരീകരിച്ചു.
വിജയകരമായ ഈ ദൗത്യത്തിന് പിന്നാലെ വരും മാസങ്ങളിൽ കൂടുതൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞു. നടപ്പ് സാമ്പത്തികവർഷത്തിൽ എൻവിഎസ്-03 (NVS-03) നാവിഗേഷൻ ഉപഗ്രഹം ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് നാരായണൻ അറിയിച്ചു.


































