ബംഗലൂരു : ഐഎസ്‌ആര്‍ഒയുടെ പ്രവര്‍ത്തനത്തിലും സ്വകാര്യ പങ്കാളിത്വം വരുന്നു. ഇത് സംബന്ധിച്ച് ചെയര്‍മാന്‍ കെ ശിവന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. ഓണ്‍ലൈനിലൂടെയാണ് വാര്‍ത്താ സമ്മേളനം. ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന ഇന്‍ സ്‌പേസ് എന്ന ബോര്‍ഡിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കിയിരുന്നു. ഇത് എങ്ങനെ നടപ്പാക്കും, എങ്ങനെയായിരിക്കും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, ഇത് രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ കരുത്തേകും തുടങ്ങിയവ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വിശദീകരിച്ചേക്കും.
ഒപ്പം കോവിഡ് പ്രതിസന്ധിക്കിടയില്‍ ഗഗനയാന്‍ അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചേക്കും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനങ്ങളില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കായി തുറന്നു കൊടുക്കുന്ന പ്രഖ്യാപനം നടത്തിയിരുന്നു.
നമ്മള്‍ മികച്ച ബഹിരാകാശ ആസ്തികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവ എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനുള്ള വഴിയാണ് ഇന്‍-സ്‌പേസ് പോലുള്ളവയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇന്‍-സ്‌പേസിന്റെ രൂപീകരണത്തിന് അംഗീകാരം നല്‍കിയത്.
ഐ എസ് ആര്‍ ഒയ്ക്ക് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും പുതിയ സാങ്കേതിക വിദ്യകളിലും ബഹിരാകാശ പര്യവേഷണ ദൗത്യങ്ങളിലും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.