ബെംഗളൂരു : ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു രാവിലെ 10.24 ന് ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം ആമസോണിയ-1 വിക്ഷേപിക്കും. പി.എസ്.എല്‍.വി – സി51 ആണ് വിക്ഷേപണ വാഹനം. 2021 ലെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യമാണിത്. വിക്ഷേപണത്തിന് മുന്നോടിയായിട്ടുള്ള 25 .5 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ അവാസന ഘട്ടത്തിലാണ്.
ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ഈ ഉപഗ്രഹത്തിന്‍റെ പ്രധാന ജോലി. 637 കിലോഗ്രാമാണ് ആമസോണിയ- 1ന്‍റെ ഭാരം. ഇതോടെ പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ ഗണത്തിലേക്ക് ഐ.എസ്.ആര്‍.ഒ എത്തും.
ആമസോണിയ- 1 നൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമാണിത്. ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്‍റെ ആദ്യ ഉപഗ്രഹമാണ് ആമസോണിയ -1.