തിരുവനന്തപുരം: മത്സര രംഗത്തില്ലെങ്കില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായേക്കും. കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയാണിത്. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഐസക്കിനെ സി. പി. എം പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താനും സാദ്ധ്യത.
എന്നാല്‍ മത്സരരംഗത്തു നിന്ന് മാറ്റി നിര്‍ത്തിയ ജി സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടി പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമോ എന്നത് കാത്തിരുന്നു കാണണം. ഇതിനു കാരണം സുധാകരനും – ഐസക്കും തമ്മിലുള്ള ഗ്രൂപ്പിസമാണ് . അതില്‍ പിണറായിക്കു പ്രിയം കൂടുതല്‍ ഐസക്കിനോടാണ് എന്നത് പരസ്യമായ രഹസ്യം .
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഐസക്ക് ഇടം പിടിച്ചിട്ടില്ല . സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് ഒഴിവാക്കിയത് ഒരുമാസം മുമ്പ് ഉണ്ടാക്കിയ പുതിയ പദവി ധാരണയുടെ അടിസ്ഥാനത്തിലാണ്.
സി.പി.എം സംസ്ഥാന നേതൃത്വം കൂടി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഐസക്കിനായി കണ്ടു വെച്ചിരിക്കുന്ന പുതിയ പദവി സംബന്ധിച്ച നേരിയ സൂചനകള്‍ പോലും പുറത്തു വരാതെ രഹസ്യമായി സൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ഭരണം ലഭിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലൂടെ വികേന്ദ്രീകൃത ജനകീയ ആസൂത്രണത്തിലൂന്നിയ ഭരണ സംവിധാനമാണ് സി. പി. എം ലക്ഷ്യമിടുന്നത്.
പ്രധാനമായും പഞ്ചായത്തുകളിലൂടെ വികസന- ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ സമ്പൂര്‍ണ്ണമായ ആസൂത്രണവും പദ്ധതി രേഖയുടെ കരട് തയാറാക്കലും വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടത്തും. ബുധനാഴ്ചയ്ക്കു മുമ്പ് സി.പി.എമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികാ പ്രഖ്യാപനമുണ്ടാവില്ല.
മാര്‍ച്ച് അവസാനമോ ഏപ്രിലിലോ സി. പി. എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ സി. പി. എമ്മിന്റെ സമുന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ ഡോ. തോമസ് ഐസക്കിനെ ഉള്‍പ്പെടുത്താനാണ് സാദ്ധ്യത.