തൃശൂർ: ചാലക്കുടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കാൻ തീരുമാനം. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിങ്കളാഴ്ച ജനകീയ തിരച്ചിൽ നടത്താനും തീരുമാനമായി. തെർമൽ ഡ്രോണുകൾ അടക്കം പുലിയെ കണ്ടെത്താൻ ഉപയോഗിക്കും. പോലീസും വനം വകുപ്പും സംയുക്തമായി രാത്രി പട്രോളിങ്ങിനിറങ്ങും. തുടർച്ചയായ ദിവസങ്ങളിൽ ജനവാസ മേഖലയിൽ പുലിയെ കണ്ടതിനെ തുടർന്നാണ് അടിയന്തിരയോഗം വിളിച്ചത്.
കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പുലിയെത്തിയത്. വളർത്തുനായയെ ആക്രമിച്ചതായും താൻ കണ്ടത് പുലിയെ തന്നെയാണെന്നും വീട്ടമ്മ പറയുന്നു. രാത്രി പത്തരയ്ക്കാണ് വളർത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി.ജെ സനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. വീട്ടുകാർ ലൈറ്റിട്ട് നോക്കി ബഹളം വെച്ചപ്പോഴാണ് പുലി ഓടിപ്പോയത്.