ആലപ്പുഴ: കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടതോടെ ആശങ്കയിൽ കഴിയുകയാണ് പുന്നപ്രയിലെ വിഷ്ണുവിൻ്റെ കുടുംബം. പുന്നപ്ര സ്വദേശിയായ 25 കാരനായ വിഷ്ണു ബാബുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. മകനെ കാണാതായത് എങ്ങനെയെന്ന് വ്യക്തത ഇല്ലെന്നു വിഷ്ണുവിന്റെ അച്ഛൻ പ്രതികരിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് ക്യാപ്റ്റൻ വിളിക്കുന്നതും മകൻ മിസ്സിങ്ങാണെന്ന് അറിയിക്കുന്നതെന്നും അച്ഛൻ പറഞ്ഞു. രാവിലെ എട്ടുമണിയ്ക്ക് ഹാജരാകേണ്ട വിഷ്ണു ഇതുവരേയും ഹാജരായിട്ടില്ല. ഞങ്ങൾ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല, ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കപ്പൽ അധികൃതർ അറിയിച്ചതായും അച്ഛൻ പറയുന്നു.
കപ്പൽ അധികൃതരിൽ നിന്നും കൃത്യമായി വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഷിപ്പിലെ മറ്റു ജീവനക്കാരെയെല്ലാം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഒഡീഷയിലെ പാരാദ്വീപിൽ നിന്നും സിംഗപ്പൂരിലേക്ക് പോയി ചൈനയിലേക്ക് പോകുമെന്നാണ് വിഷ്ണു പറഞ്ഞത്. തലേന്നാൾ മലേക്കാ കടൽഭാഗത്ത് വെച്ച് കടലിൽ വീണുവെന്നാണ് ക്യാപ്റ്റൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നതെന്നും അച്ഛൻ പറഞ്ഞു.