തിരുവല്ല : നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് രണ്ടാഴ്‌ച്ച പിന്നിടുന്നു. നഗരസഭാ പ്രദേശത്തുള്ള എല്ലാ വാര്‍ഡുകളിലും ഇവിടെനിന്ന് ജലമെത്തിക്കേണ്ട ചങ്ങനാശേരി പ്രദേശങ്ങളും ദിവസങ്ങളായി ശുദ്ധജലക്ഷാമം നേരിടുകയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കേണ്ടത് രണ്ട് പമ്പിങ് സ്‌റ്റേഷനുകളില്‍നിന്നാണ്. കറ്റോടും കല്ലിശേരിയുമാണവ. രണ്ട് സ്ഥലത്തേയും മോട്ടോറുകള്‍ക്ക് കേടുപാട് സംഭവിച്ചതിനാല്‍ ദിവസങ്ങളോളം ടൗണില്‍ ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു. കാലപ്പഴക്കംമൂലമാണ് മോട്ടോറുകള്‍ക്ക് കേടുപാട് സംഭവിച്ചത്. പിന്നീട് കല്ലിശേരിയിലെ പമ്പിങ് സ്‌റ്റേഷനിലെ മോട്ടോര്‍ താല്‍ക്കാലികമായി നന്നാക്കിയെടുത്താണ് നാമമാത്രമായിട്ടാണെങ്കിലും പമ്പിങ് നടക്കുന്നത്.
ഇതിനാല്‍ ചില താഴ്‌ന്നപ്രദേശങ്ങളില്‍ മാത്രം രണ്ട് മണിക്കൂറോളം വെള്ളം ലഭിക്കുന്നു. ചൂട് കൂടുന്നതിനൊപ്പം ജലലഭ്യതയും കുറഞ്ഞുവരുന്നതിനാല്‍ കല്ലിശേരിയില്‍നിന്നുള്ള പമ്പിങും നാമമാത്രമായിരിക്കുകയാണ്. കറ്റോട് പദ്ധതിയുടെ മോട്ടോറിന്റെ ബെയറിങ്ങിന് കേടുപാട് സംഭവിച്ചത് നന്നാക്കാനായി കോയമ്പത്തൂര്‍ക്ക് കൊടുത്തയച്ചിട്ട് ദിവസങ്ങളായി. ഇതുവരെയും തിരിച്ചുകിട്ടിയിട്ടില്ല. ഇതിനാല്‍ ഇവിടെനിന്നുള്ള പമ്പിംഗ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതിനിടയില്‍ രണ്ട് സ്ഥലത്തേക്കും സ്‌ഥാപിക്കാനുള്ള പുതിയ മോട്ടോര്‍ തിരുവല്ലയില്‍ എത്തിച്ചിട്ടും അവ സ്‌ഥാപിക്കാതെയിരിക്കുകയുമാണ്. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റിന്റെ പരിശോധന കഴിഞ്ഞിട്ടെ സ്‌ഥാപിക്കുകയുള്ളുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. നാട്ടിലാകെ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ഉള്ള മോട്ടോറിന്റെ കേടുപാടുകള്‍ തീര്‍ത്ത് സ്ഥാപിക്കാനോ പുതിയവ സ്‌ഥാപിച്ച് പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനോ അധികൃതര്‍ ശ്രമുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.