തൊടുപുഴ : ഇന്റേണൽ മാർക്ക് നൽകിയതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ഇടുക്കി തൊടുപുഴ ലോകോളജ് വിദ്യാർഥികളുടെ പ്രതിഷേധം. മതിയായ യോഗ്യതയില്ലാതിരുന്നിട്ടും അധ്യാപകരുടെ ഇഷ്ടക്കാർക്ക് അധികമാർക്ക് നൽകിയെന്ന് കാട്ടി വിദ്യാർഥി സംഘടനകൾ എംജി യൂണിവേഴ്സിറ്റിയെ സമീപിച്ചു. പരാതിയിൽ അന്വേഷണം നടക്കുന്നുവെന്നാണ് കോളജ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം.
എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്മെന്റിനെതിരെ വിദ്യാർഥികൾ രംഗത്തെത്തിയത്. 50 ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർഥിക്ക് ഇന്‍റേണൽ മാർക്ക് മുഴുവൻ നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. അധ്യാപകരുടെ ഇഷ്ടക്കാർക്കായാണ് അട്ടിമറി നടത്തിയതെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളേജ് ഉപരോധിക്കുകയും ചെയ്തു.