കൊല്ലം : കൊല്ലം ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ് പരാതി നല്‍കിയത്. കൊല്ലം ആശ്രാമം മൈതാനത്ത് പ്രദർശനമേള കഴിഞ്ഞശേഷം സാധനങ്ങൾ ലോറിയിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളികളെത്തി സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ ലോഡിങ്ങിന് കമ്പനിയുടെ തൊഴിലാളികളുണ്ടെന്നും പണം നൽകാനാകില്ലെന്നും പറഞ്ഞതോടെ ഭീഷണിയായി.
ജൂലൈ പത്തിന് കൊല്ലത്തെ പ്രദര്‍ശനം അവസാനിച്ചതാണ്. എന്നാൽ തൊഴിലാളികളുടെ ഈ നിലപാട് കാരണം പതിനേഴ് ദിവസമായി സ്ഥല വാടക വെറുതേ നൽകേണ്ടി വരികയാണെന്നും ലേബര്‍ ഓഫീസറേയും പോലീസിനേയും സമീപച്ചെങ്കിലും പ്രശ്നത്തിൽ പരിഹാരം കാണാനായില്ലെന്നും പരാതിക്കാരി പറയുന്നു.