പത്തനംതിട്ട: കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാളെ പത്തനംതിട്ട എസ്‌ഐ അനൂപ് ചന്ദ്രന്‍ മര്‍ദ്ദിച്ചെന്ന് പരാതി. മേലേവെട്ടിപ്പുറം സ്വദേശി അയൂബ് ഖാനെ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. ഹൃദ്രോഗി കൂടിയായ അയൂബ് സ്റ്റേഷനില്‍ കുഴഞ്ഞുവീണിട്ടും പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അയൂബ് ഖാനെ കഴിഞ്ഞദിവസം രാത്രി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെ കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ എസ്‌ഐ അയൂബിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ ജസീന പറയുന്നു. അയൂബിനെ എസ്‌ഐ കോളറില്‍ പിടിച്ച് തള്ളുകയായിരുന്നെന്നും രോഗിയാണെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്ന് ജസീന പറഞ്ഞു.
അയൂബ് സ്റ്റേഷനില്‍ കുഴഞ്ഞുവീണിട്ട് പോലീസുകാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. നിലവില്‍ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അയൂബ് ഖാന്‍. അതേസമയം, അയൂബിന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് പോലീസ് രംഗത്തെത്തി. മൊഴിയെടുക്കാനാണ് അയൂബിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും എസ്‌ഐ മര്‍ദ്ദിച്ചെന്ന പരാതി കളവാണെന്നും പത്തനംതിട്ട എസ്എച്ച്ഒ വ്യക്തമാക്കി. എന്നാല്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അയൂബ് ഖാന്റെ കുടുംബം അറിയിച്ചു.