കിടക്കുന്നതിന് മുമ്പുള്ള രണ്ടു മണിക്കൂറിനുളളില്‍ മദ്യം, കാപ്പി, നിക്കോട്ടിന്‍ എന്നിവയുടെ ഉപയോഗം വേണ്ട. ഇവ ഉറക്കം തടയും. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുക. മൊബൈലിലെ നീല വെളിച്ചം ശരീരത്തിന്റെ സ്വാഭാവിക ഉറക്ക താളത്തെ തടസ്സപ്പെടുത്തും. ലൈറ്റ് ഓഫ് ചെയ്ത് മൊബൈല്‍ കിടക്കയില്‍ നിന്ന് മാറ്റി വെയ്ക്കുക. ചെറു തണുപ്പും ഇരുട്ടുമുള്ള നിശ്ശബ്ദമായ അന്തരീക്ഷമാണ് ഉറക്കത്തിന് അനുയോജ്യം. സ്വാഭാവികമായി ഇരു സാധ്യമല്ലെങ്കില്‍ ഇയര്‍ പ്ലഗ് വെച്ച് ശബ്ദം തടയാം. ജനല്‍ കര്‍ട്ടന്‍ വലിച്ചിട്ടും ഐ മാസ്‌ക് ധരിച്ചും കൃത്രിമ ഇരുട്ടുണ്ടാക്കാം.
വൈകിയുള്ള വ്യായാമം ഇനി വേണ്ട. വ്യായാമം തലച്ചോറിന് ഉണര്‍വും ജാഗ്രതയുമേകും. രാത്രി ഉറക്കം ലഭിക്കാന്‍ താമസിക്കും. അതുകൊണ്ട് രാത്രി 8 മണിക്ക് ശേഷം വ്യായാമം ചെയ്യാതിരിക്കുകയാണ് നല്ലത്. രാത്രി വെള്ളം കുടിക്കുന്നത് സൂക്ഷിച്ചു മതി. അധികമായാല്‍ ഇടയ്ക്ക് ടോയ്‌ലറ്റില്‍ പോകേണ്ടി വരാം. ഇത് ഉറക്കം മുറിയാന്‍ കാരണമാകും. പ്രായമാകുമ്പോള്‍ സ്വാഭാവികമായും ഉറക്കം കുറയും. വെളുപ്പാന്‍ കാലമാകുമ്പോഴേക്കും ഉണര്‍ന്നു കിടക്കുന്ന സ്ഥിതി വരാം. അതുകൊണ്ട് പ്രായമായവര്‍ പകലുറക്കം ഒഴിവാക്കണം. ബെഡ്‌റൂമിലേക്ക് ശബ്ദവും വെളിച്ചവും വരാതെ കര്‍ട്ടനിടുകയോ വാതില്‍ അടയ്ക്കുകയോ ചെയ്യാം. രാത്രി കുടിക്കാനുള്ള വെള്ളം ബെഡ്‌റൂമില്‍ വെയ്ക്കുക. കിടന്നതിന് ശേഷം എണീറ്റ് പോകേണ്ട അവസ്ഥ ഇതുമൂലം ഒഴിവാക്കാം. ഉറക്കം കുറവുണ്ടെന്ന കാരണം പറഞ്ഞ് ഒരിക്കലും ഉറക്കഗുളികകള്‍ ശീലമാക്കരുത്.