പത്തനംതിട്ട : പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തി വീശിയതെന്ന് പരാതി. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിതാര പറഞ്ഞു. ഞങ്ങൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നടന്ന് സെൽഫിയൊക്കെ എടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്ന് പോലീസുകാർ വാഹനത്തിൽ വന്നിറങ്ങിയ ഉടനെ ലാത്തിവീശി അടിക്കുകയായിരുന്നു. എനിക്കും ഭർത്താവിനും പരിക്കേറ്റു. ഭർത്താവിന്‍റെ തല പൊട്ടി. അടി കൊണ്ട് താഴെ വീണപ്പോൾ വീണ്ടും അടിച്ചു. എന്‍റെ തോളെല്ലിന് പൊട്ടലുണ്ട്. സഹോദരനും ചേച്ചിയുടെ ഭർത്താവിനും പരിക്കേറ്റു സിതാര പറയുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പോലീസ് യൂണിഫോമിലായിരുന്നില്ലെന്ന് സിതാര പറഞ്ഞു. ഓടടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നുവെന്ന് സിതാരയുടെ സഹോദരൻ പറഞ്ഞു. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പോലീസിന്‍റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്കു ശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പോലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.