പത്തനംതിട്ട : ഇക്കൊല്ലം ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം 80,000 തീർത്ഥാടകരായി പരിമിതപ്പെടുത്താനും സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുമുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ആന്റോ ആൻറണി എംപി ആവശ്യപ്പെട്ടു. ഇത് പ്രായോഗികമല്ലെന്ന നിരീക്ഷണം വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നു. എല്ലാ വർഷവും ദശലക്ഷക്കണക്കിന് തീർത്ഥാടകർ ശബരിമലയിൽ എത്തുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കണ്ടുവരുന്നത്. 80,000 എന്ന പരിധി തീർത്ഥാടകർക്ക് തുലൃ അവസരം നിഷേധിക്കുകയും മാലയിട്ട് വൃതമെടുക്കുന്ന ഭക്തരിൽ ആശയക്കുഴപ്പവും നിരാശയും സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലേക്ക് തീർത്ഥാടകർ ഒഴുകിയെത്തുന്ന മണ്ഡല- മകരവിളക്ക് സീസണിൽ ദിവസം 80,000 എന്ന പരിധി തീർത്ഥാടക ലക്ഷങ്ങളുടെ അവകാശങ്ങളെ തകർക്കുന്ന സാഹചര്യമാണ്. ഈ ദിനങ്ങളിൽ ദൈനംദിന ബുക്കിങ് പരിധി ഉയർത്തിയാൽ മാത്രമേ തീർത്ഥാടകരുടെ സംതൃപ്തി ഉറപ്പാക്കാൻ കഴിയൂ. ഇതിനാവശൃമായ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ചെയ്യണം. മുൻകാലങ്ങളിൽ പ്രതിദിനം 1,20,000 തീർത്ഥാടകർവരെ ശബരിമലയിൽ എത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ വിനൃസിക്കണം. ഓൺലൈൻ സാങ്കേതിക പ്രയാസങ്ങൾ മൂലമോ, ബുക്കിങ് ഫെസിലിറ്റിയുടെ അഭാവമോ തീർത്ഥാടകർക്ക് ബുക്ക് ചെയ്യാൻ കഴിയാതെ പോകുന്നുണ്ടെങ്കിൽ ഭക്തർക്ക് തീർത്ഥാടനം നടത്താനുള്ള അവസരം നഷ്ടപ്പെടും. അതിനാൽ ലിമിറ്റേഷൻ കർശനമായി പാലിക്കുന്നത് ഏറെ പ്രതിസന്ധിയുളവാക്കും.
കംപ്യൂട്ടർ ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഇതര സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് വരുന്ന തീർത്ഥാടകർക്ക് നേരത്തെ നിലയ്ക്കലും പമ്പയിലും എത്തി സ്പോട്ട് ബുക്കിംഗ് ചെയ്യാമായിരുന്നു. ഓൺലൈൻ ബുക്ക് ചെയ്തവർ ദർശനത്തിന് എത്താതിരുന്നാൽ സ്പോട്ട് ബുക്കിങ്ങിലൂടെ ആ അവസരം മറ്റു ഭക്തർക്ക് ലഭിക്കുമായിരുന്നു. പരമ്പരാഗത കാനന പാതയായ എരുമേലി വഴി വരുന്നവരും ഗതാഗതകുരുക്കിൽപെട്ട് വൈകി വരുന്നവരും കൃത്യസമയം പാലിക്കണമെന്നില്ല. സ്പോട്ട് ബുക്കിംഗ് നിർത്തിയാൽ ഈ അവസരങ്ങളും നഷ്ടമാകും. ഓൺലൈൻ മാത്രമായി ചുരുക്കുകയാണെങ്കിൽ ഓൺലൈൻ ബുക്കിങ്ങിനായി പോർട്ടൽ തുറക്കുന്ന സമയം തന്നെ പൂർണ്ണമായും സ്ലോട്ടുകൾ ബുക്ക് ചെയ്യപ്പെടുകയും തദ്ദേശ തീർത്ഥാടകർക്ക് പോലും അവസരം കിട്ടാതെ വരികയും ചെയ്യും. തീർത്ഥാടകരുടെ സുരക്ഷയെ കരുതിയാണ് സ്പോട്ട് ബുക്കിംഗ് പിൻവലിക്കുന്നതെന്ന തീരുമാനം മാറ്റണം.
തീർത്ഥാടകർ തിരിച്ചറിയൽരേഖ കരുതിയാൽ സ്പോട്ട് ബുക്കിങ്ങിന് ആധാരരേഖയാവും. ഇതിനാവശ്യമായ പ്രചാരണം, ബോർഡ് ഇതര സംസ്ഥാനങ്ങളിൽ നൽകണം. ആയതിനാൽ വെർച്വൽ ക്യൂ ബുക്കിങ് പരിധി മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് പ്രതിദിനം 80,000 എന്നത് വർദ്ധിപ്പിച്ച് 1,00,000 ആക്കുകയും സ്പോട്ട് ബുക്കിംഗ് നിലനിർത്തുകയും വേണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഇത് വളരെയധികം പ്രയോജനപ്പെടും. തീർത്ഥാടനത്തിന്റെ സുതാര്യതയും ഭക്തജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി സർക്കാരും ദേവസ്വം ബോർഡും ഇക്കാര്യം പുനഃപരിശോധിച്ച് അനുകൂലമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും മണ്ഡല- മകരവിളക്ക് മഹോത്സവം സുഗമമാക്കണമെന്നും ആന്റോ ആൻറണി ആവശ്യപ്പെട്ടു.