തിരുവനന്തപുരം : മകര വിളക്ക് തെളിയിച്ചു എന്നുപറയുന്നതിൽ തെറ്റില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. പൊന്നമ്പല മേട്ടിൽ കാട്ടുമൂപ്പന്മാർ ആണ് പറമ്പരഗതമായി വിളക്ക് തെളിയിച്ചുപോന്നിരുന്നത്. തെളിഞ്ഞു എന്നും തെളിയിച്ചു എന്നും പറയുന്നതിലും വലിയ വ്യത്യാസം ഇല്ല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ശബരിമലയിൽ ഇത്തവണ വരുമാനം കൂടി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2023 നവംബർ 16 ന് ആരംഭിച്ച് 2024 ജനുവരി 21 ന് അവസാനിച്ച ഈ ശബരിമല തീർത്ഥാടന കാലയളവിൽ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് അയ്യപ്പ സ്വാമിയുടെ ദർശനപുണ്യം നേടി മലയിറങ്ങിയത്. 50,06412 പേർ ഇക്കുറി ദർശനം നടത്തിയപ്പോൾ കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇത് 44,16,219 ആയിരുന്നു. 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മാളികപ്പുറങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിൽ ഈ മണ്ഡല മകരവിളക്ക് കാലത്ത് വർദ്ധനയുണ്ട്. 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണ് (357,47,71,909 രൂപ) . കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്.