മഴയുടെ പിന്നാലെ പനിയുടേയും വരവായി. എന്നാല്‍ ഏത് പനിയാണ് പിടികൂടിയിരിക്കുന്നതെന്ന് തിരിച്ചറിയുക നിര്‍ണായകമാണ്.
എലിപ്പനി
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പ്രത്യേകിച്ച് തൊഴുത്തുകള്‍. മലിനജലം, കെട്ടിക്കിടക്കുന്ന വെള്ളം ഇവയില്‍ കഴിവതും ഇറങ്ങാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ഭക്ഷണം എപ്പോഴും അടച്ചു സൂക്ഷിക്കുക. പാടത്തും വെള്ളക്കെട്ടുകളിലും പണിയെടുക്കുന്നവര്‍ ബ്ളൗസും ബൂട്‌സും ധരിക്കുക. പഴവും പച്ചക്കറികളും വൃത്തിയായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
കാലിലോ ശരീരത്തിലോ മുറിവുള്ളവര്‍ മലിനജലവുമായി ഒരു സമ്പര്‍ക്കവും നടത്താതിരിക്കുക.
എലിപ്പനിയുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ ഡോക്ടര്‍മാരുടെ സഹായം തേടുക.
ഡെങ്കിപ്പനി
മഴക്കാലത്ത് പടര്‍ന്നുപിടിക്കുന്ന മറ്റൊരു രോഗമാണിത്. 1997-ലാണ് കേരളത്തിലാദ്യമായി ഡെങ്കിപ്പണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രോഗികളുടെ എണ്ണവും മരണവും കൂടിയതോടെ ഭീതിയുടെ ഗ്രാഫ് ഉയര്‍ന്നു. കഠിനമായ ശരീരവേദനയോടും സന്ധിവേദനയോടുംകൂടി പെട്ടെന്നുണ്ടാകുന്ന കടുത്ത വൈറല്‍ പനിയാണ് ഡെങ്കിപ്പനി. എല്ലുകള്‍ പൊട്ടിപ്പോകുന്ന വേദന തോന്നുന്നതുകൊണ്ട് ഇതിനെ ‘ബ്രേക്ക് ബോണ്‍ ഫീവര്‍’ എന്നും വിളിക്കാറുണ്ട്. ഡെങ്കിപ്പനി തുടക്കത്തില്‍ വൈറല്‍പനിയും ടൈഫോയിഡുമൊക്കെയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ വേണ്ട ചികിത്സ കിട്ടാന്‍ വൈകുന്നു. നട്ടെല്ലിന്റെ ഭാഗത്ത് അതികഠിനമായ വേദന, അസഹ്യമായ തലവേദന, നേത്രഗോളങ്ങള്‍ക്ക് പിന്നില്‍ വേദന, കണ്ണു ചലിപ്പിക്കുമ്പോള്‍ വേദന, വിശപ്പില്ലായ്മ, നെഞ്ചിലും കഴുത്തിലും ചുവന്ന തടിപ്പുകള്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഡെങ്കിപ്പണിയോടൊപ്പം കാണുന്നു. ഈ പനി ഇടയ്ക്ക് കുറഞ്ഞ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നു.
പനി പകരുന്നത് തടയുക
പകല്‍സമയത്തും സന്ധ്യാനേരങ്ങളിലും കടിക്കുന്ന ഏഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇടത്തരം വലിപ്പമുള്ള ഇവ വീടുകളിലും പരിസരങ്ങിലുമാണ് കൂടുതല്‍ കാണുന്നത്. വൈറസ് ബാധിച്ച കൊതുക് എട്ടുപത്തു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പരത്തുന്നു. ഈ കൊതുകു കടിച്ചാല്‍ പത്തു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. സാധാരണ ഡെങ്കിപ്പനിയെ കൂടാതെ ഡെങ്കി ഹെമറേജ്, ഡെങ്കിഷോക്ക് സിന്‍ഡ്രോം എന്നീ അവസ്ഥകളുമുണ്ട്. ഇവ കൂടുതല്‍ ഗുരുതരമാണ്.
പനി വരുമ്പോള്‍ സ്വയം ചികിത്സ നടത്തുന്നതു ചിലപ്പോള്‍ അപകടം വരുത്തിവെയ്ക്കും. വേദന സംഹാരികള്‍ താല്‍ക്കാലിക ആശ്വാസം പകരുമെങ്കിലും രോഗം കൂടുതലാകും. അതുകൊണ്ടു മഴക്കാലത്ത് പിടിപെടുന്ന ഏതൊരു പനിയേയും സൂക്ഷിക്കണം. ഉടന്‍ തന്നെ വേണ്ട വൈദ്യപരിശോധനയ്ക്ക് രോഗിയെ വിധേയമാക്കണം.