ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയും മറ്റ് സാഹിത്യ-സാംസ്കാരിക സ്ഥാപനങ്ങളും അവാർഡ് കൊടുക്കുമ്പോൾ, രാഷ്ട്രീയ കാരണങ്ങളാൽ മടക്കിക്കൊടുക്കില്ലെന്ന് മുൻകൂറായി ഉറപ്പുവാങ്ങിയശേഷം മാത്രമാകണമെന്ന് പാർലമെന്റ് സമിതി ശുപാർശ. അവാർഡ് തിരിച്ചുകൊടുക്കുന്നവരെ ഭാവിയിൽ അവാർഡിന് പരിഗണിക്കേണ്ടതില്ലെന്നും സാംസ്കാരിക മന്ത്രാലയവുമായി ബന്ധപ്പെട്ട സഭ സമിതി അഭിപ്രായപ്പെട്ടു. അവാർഡ് തിരിച്ചേൽപിച്ച് ഭാവിയിൽ ഒരിക്കലും അവാർഡിനെ അനാദരിക്കില്ലെന്ന ഉറപ്പ് എഴുതിവാങ്ങണം. അവാർഡ് തിരിച്ചുകൊടുക്കുന്നത് രാജ്യത്തോടുള്ള അനാദരവാണ്. ഒരാൾ തിരിച്ചുകൊടുക്കുമ്പോൾ മറ്റ് അവാർഡ് ജേതാക്കളുടെ നേട്ടം വിലകുറച്ചു കാണുന്നതിന് തുല്യമാണ്.
സഭ സമിതിയിലെ കെ. മുരളീധരൻ, എ.എ. റഹിം എന്നിവർ ഈ നിരീക്ഷണത്തോട് വിയോജിച്ചെന്നാണ് അറിയുന്നത്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും ഓരോരോ മാർഗങ്ങൾ സ്വീകരിക്കാൻ പൗരന് അവകാശമുണ്ട്. അവാർഡ് തിരിച്ചേൽപിക്കുന്നത് ഒരു പ്രതിഷേധ രീതിയാണ്. പ്രതിഷേധത്തിന്റെ യഥാർഥ കാരണം പരിശോധിച്ച് പരിഹരിക്കാൻ നടപടി വേണം. അക്കാദമികൾ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കുകയാണ്, അവരെ അകറ്റുകയല്ല വേണ്ടതെന്നും വിയോജനക്കുറിപ്പിൽ രേഖപ്പെടുത്തി.