കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടിൽ അമ്മയെ വെട്ടികൊന്ന മകൻ വർഷങ്ങളായി ലഹരിക്ക് അടിമയായിരുന്നുവെന്ന് കൊല്ലപ്പെട്ട സന്ധ്യയുടെ സഹോദരി. പതിവായി മകൻ അരവിന്ദ് സിന്ധുവുമായി വഴക്കിടുമായിരുന്നു. കൊലനടന്ന ദിവസവും വീട്ടിൽ ബഹളം നടന്നതായി സഹോദരി ബിന്ദു പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു ലഹരിക്ക് അടിമയായ അരവിന്ദ് മാതാവ് സിന്ധുവിനെ വെട്ടികൊലപ്പെടുത്തിയത്. അരവിന്ദും അമ്മ സിന്ധുവുമായി ലഹരി ഉപയോഗത്തെ ചൊല്ലി വാക്ക് തർക്കം ഉണ്ടായി. ചില ബന്ധുക്കളെ അരവിന്ദ് അസഭ്യം പറഞ്ഞതും സിന്ധു ചോദ്യം ചെയ്തു. ഇതാണ് അരവിന്ദിനെ പ്രകോപിതനാക്കിയത്.
അടുക്കളയിൽ മകനുവേണ്ടി ഭക്ഷണം ഉണ്ടാക്കുകയായിരുന്ന സിന്ധുവിന്റെ കഴുത്തിനു പിന്നിൽ വെട്ടുകയായിരുന്നു. കലി അടങ്ങാതെ അരവിന്ദ് അമ്മയുടെ ശരീരമാകെ വെട്ടിപരിക്കേൽപ്പിച്ചു. അരവിന്ദ് തന്നെ ആണ് അമ്മയെ കൊന്ന വിവരം അടുത്ത വീട്ടിൽ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ മൃതദേഹത്തിനു അടുത്ത് തന്നെ അരവിന്ദ് ഉണ്ടായിരുന്നു. അരവിന്ദ് വർഷങ്ങളായി ലഹരിക്ക് അടിമയാണെന്ന് സിന്ധുവിന്റെ സഹോദരി പറയുന്നു. പഠിക്കാൻ മിടുക്കനായിരുന്ന അരവിന്ദ് ബിഎഡ് പഠനവും പാതിവഴിയിൽ ഉപേക്ഷിച്ചു. സഹോദരൻ വണ്ടാനം മെഡിക്കൽ കോളജ് വിദ്യാർത്ഥിയാണ്.