തിരുവനന്തപുരം : നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നു വീണതിന് പിന്നാലെ, സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും വന്‍ വീഴ്ച. തിരുവനന്തപുരത്തെ ഇപിഎഫ് ഓഫീസിന് സമീപത്തുള്ള ഐടി മിഷന്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. പൊതുജനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്ന ഇവിടെ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സമീപത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ മുകളിലേയ്ക്കാണ് വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വീണത്.
അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ആളുകള്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. കനത്ത മഴയെത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ഗുണനിലവാരമില്ലായ്മയുമാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം ഉയരുന്നത്.