പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ള ഐ. ടി മിഷന്‍ സ്റ്റാളില്‍ അക്ഷയ സേവനങ്ങള്‍ പുരോഗമിക്കുന്നു. ഡ്രൈ സ്‌കിന്‍ കാരണം 8 വര്‍ഷമായി ആധാര്‍ എടുക്കുന്നതിനു ശ്രമം നടത്തി പരാജയപെട്ട 14 വയസ്സുള്ള ഒരു കുട്ടിയുടെ ആധാര്‍ സ്റ്റാളില്‍ എടുക്കാന്‍ സാധിച്ചത് ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ആധാര്‍, പുതിയ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചും പതിനഞ്ചു വയസുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്.
ഐ ടി മിഷന്റെ വിവിധ പ്രൊജക്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, സര്‍ക്കാരിന്റെ സൗജന്യ വൈ ഫൈ കണക്ഷനെ പറ്റിയുള്ള വിവരങ്ങള്‍, അക്ഷയയിലൂടെ നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അക്ഷയ സംരംഭകരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്