കോഴഞ്ചേരി : പഞ്ചായത്ത് സ്റ്റേഡിയത്തിന് കരം തീർത്ത് ഉടമസ്ഥാവകാശം ലഭിക്കാൻ വേണ്ടിവന്നത് 43 വർഷം. സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഗ്രാമപഞ്ചായത്ത് കരം അടച്ച് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. 1982 ലാണ് അന്നത്തെ ഭരണ സമിതി തിരുവല്ല – കോഴഞ്ചേരി റോഡില്‍ ടി ബി ജംഗ്ഷന് സമീപമുള്ള 116 സെന്റ് വയല്‍ വിലകൊടുത്തു വാങ്ങി സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. സ്റ്റേഡിയത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഗ്രൗണ്ട് ഒരുക്കിയെങ്കിലും റവന്യൂ വകുപ്പിന്റെ വില്ലേജ് കണക്കില്‍ കരം അടച്ച് തണ്ടപ്പേരു സഹിതം പേരില്‍ കൂട്ടിയിരുന്നില്ല. ഇതുകൊണ്ടുതന്നെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് അനുബന്ധ ഏജന്‍സികളുടെയും സഹായങ്ങള്‍ ലഭിച്ചിരുന്നില്ല. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ബിജോ പി. മാത്യു നടത്തിയ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് വസ്തു എക്സിക്യൂട്ടീവ് ഓഫീസര്‍ ഗ്രാമപഞ്ചായത്ത് കോഴഞ്ചേരി എന്ന പേരില്‍ തീറാധാരം ചെയ്തു കരം അടച്ച് രസീത് ലഭിച്ചത്.
ഭൂമി പഞ്ചായത്തിന്റെ പേരിൽ കൂട്ടുന്നതിനു തടസങ്ങളേറെ ഉണ്ടായിരുന്നതായി ബിജോ പി. മാത്യു പറഞ്ഞു. വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് , കളക്ടറേറ്റ് എന്നിവിടങ്ങളില്‍ നിരന്തരം കയറിയിറങ്ങിയതുകൊണ്ടാണ് പഞ്ചായത്തിന്റെ തണ്ടപ്പേരില്‍ വസ്തു പേരില്‍ കൂട്ടാന്‍ കഴിഞ്ഞത്. നിലവില്‍ സ്റ്റേഡിയം നില്ക്കുന്ന പ്രദേശത്തോട് ചേര്‍ന്നുള്ള 50 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്തു കഴിഞ്ഞാല്‍ കോഴഞ്ചേരി ടൗൺഷിപ്പ് രൂപീകരണത്തിന് ഏറെ സഹായകരമാകും. കോഴഞ്ചേരി മാര്‍ക്കറ്റിന്റെ കെട്ടിടങ്ങള്‍ പാലം പണിയുമായി ബന്ധപ്പെട്ട് പൊളിച്ചു നീക്കിയതിനാല്‍ 50 ലക്ഷം രൂപയുടെ വാര്‍ഷിക നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്. ഇതിന് പരിഹാരമായിട്ട് പഞ്ചായത്ത് സ്റ്റേഡിയത്തിനും ടികെ റോഡിനും അഭിമുഖമായിട്ടുള്ള സ്ഥലം കൂടി പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങിയാല്‍ കട മുറി നിര്‍മിച്ച് വരുമാനം കണ്ടെത്താന്‍ കഴിയുമെന്നും ബിജോ പി. മാത്യു പറഞ്ഞു.