റോം : ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982 ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവുമായ പാലോ റോസി (64) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇറ്റാലിയന്‍ പ്രമുഖ സ്പോര്‍ട്‌സ് ചാനലാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. യുവന്റസ്, എസി മിലാന്‍ എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. യുവന്റസിനായി നാല് വര്‍ഷക്കാലമാണ് റോസി കളിച്ചത്.
1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച അവരുടെ വീരനായകനാണ് റോസി. ടൂര്‍ണമെന്റില്‍ ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ റോസി നേടി. സ്‌പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലി 3-1ന് പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ ഗോള്‍ നേടിയത് റോസിയായിരുന്നു. ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരേ ഹാട്രിക്കും അദ്ദേഹം നേടിയിരുന്നു.