ഡല്‍ഹി : ഇറ്റലിയില്‍ നിന്നെത്തി ഡല്‍ഹി സൈനിക ക്യാമ്പില്‍ ക്വാറന്റൈനിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെ 40 അംഗ സംഘം കേരളത്തിലേക്ക് ബസില്‍ പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട ബസ് മൂന്നാം നാള്‍ കേരളത്തിലെത്തും. 30 മലയാളികളുള്ള സംഘത്തില്‍ ഒരു ഗര്‍ഭിണിയുമുണ്ട്. തമിഴ്നാട്ടുകാരായ 7 പേരും ബസിലുണ്ട്.
രണ്ട് തവണ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. മാര്‍ച്ച് 15നും 22നും ഇറ്റലിയിലെ മിലാനില്‍ നിന്നും റോമില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയവരാണിവര്‍. കേരള സര്‍ക്കാരും കേരള ഹൗസും ഇടപെട്ടാണ് ചാവ്ലയിലെ സൈനിക ക്യാമ്പില്‍ കുടുങ്ങിയ ഇവരെ നാട്ടിലേക്ക് അയച്ചത്.
സംസ്ഥാനങ്ങള്‍ കടക്കാനുള്ള പ്രത്യേക പാസും ലഭ്യമാക്കി. അടിയന്തരാവശ്യത്തിനുള്ള ഭക്ഷണം അടക്കം കേരള ഹൗസില്‍നിന്ന് ലഭ്യമാക്കിയതായി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് അറിയിച്ചു. കര്‍ണാടക, മഹാരാഷ്ട്ര സ്വദേശികളേയും ഇത്തരത്തില്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കി കൊണ്ടുപോയിരുന്നു.