റോം : ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിൻവാങ്ങുന്നു. പദ്ധതി കൊണ്ട് ഇറ്റലിക്ക് ഒരു ഗുണവുമില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി പറഞ്ഞു. പദ്ധതിയുടെ ഭാഗമായ ആദ്യ പാശ്ചാത്യൻ രാജ്യമാണ് ഇറ്റലി. യു.എസിന്റെ ആശങ്ക തള്ളി 2019ലാണ് അവർ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവിന്റെ ഭാഗമാവുന്നത്. എന്നാൽ, ജോർജിയ മെലോനി പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ കാലാവധി 2024 മാർച്ചിൽ അവസാനിക്കുകയാണ്. കരാറിൽ നിന്ന് പിൻവാങ്ങണമെങ്കിൽ മൂന്നുമാസം മുമ്പ് അറിയിക്കണം.
അതുപ്രകാരം വ്യാഴാഴ്ച ഇറ്റലി ചൈനക്ക് കത്തു നൽകി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിവിധ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധവും സഹകരണവും മെച്ചപ്പെടുത്താനുള്ള വിപുലമായ അടിസ്ഥാന സൗകര്യ വികസന, വാണിജ്യ പദ്ധതിയാണ് ചൈന വിഭാവനം ചെയ്ത ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് 2013ൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി നൂറിലേറെ രാജ്യങ്ങളുമായാണ് ചൈന കരാറിലെത്തിയിട്ടുള്ളത്.