ഇട്ടിയപ്പാറ : സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾക്കായുള്ള ടെർമിനലിന്റെ നിർമാണത്തിനു മുന്നോടിയായുള്ള മണ്ണു പരിശോധന പുരോഗമിക്കുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 2.65 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ ബസ് ടെർമിനൽ നിർമിക്കുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കു മധ്യത്തിലാണ് ടെർമിനൽ പണിയുന്നത്. സ്ഥല പരിശോധന റിപ്പോർട്ട് ലഭിച്ചാലുടൻ കരാർ നടപടിയാരംഭിക്കും.
ടെർമിനലിന്റെ ഇരുവശത്തും കാത്തിരിപ്പു കേന്ദ്രമുണ്ടാകും. അവ ഇരു ബസ് സ്റ്റാൻഡുകളിലായിട്ടാണു നിർമിക്കുക. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികളുണ്ടാകും. ഫീഡിങ് മുറിയും ക്രമീകരിക്കും. രാജ്യാന്തര നിലവാരത്തിലുള്ള കോഫി ഹൗസും ടെർമിനലിൽ ഉണ്ടാകും. കൂടാതെ കടമുറികളും സജ്ജമാക്കും. ദീർഘദൂര ബസ്സുകളിലെത്തുന്ന യാത്രക്കാർ ശുചിമുറി സൗകര്യമില്ലാത്തതു മൂലം ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. ഇതിനു പരിഹാരം കാണാൻ ടെർമിനലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ സാധ്യമാകും.