റാന്നി: നഷ്ട പ്രതാപത്തിന്റെ ഗതകാല സ്മരണകളുമായി ആളും ആരവവും ഒഴിഞ്ഞ് രാമപുരത്തിന് പിന്നാലെ ഇട്ടിയപ്പാറ ചന്തയും. കോവിഡ് വരുത്തിയ സാമ്പത്തിക നഷ്ടവും വഴിയോര വാണിഭക്കാരുടെ വര്‍ദ്ധനവും മൂലം വ്യാപാരികള്‍ തിരിഞ്ഞു നോക്കാതായതോടെ ചന്ത നാമാവശേഷമായി. എന്നാല്‍ ചന്തയുടെ ശോച്യാവസ്ഥ പരിഹരിക്കുവാനുള്ള നടപടികല്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍.
ചന്തയില്‍ വ്യാപാരം നടന്ന സ്ഥലങ്ങള്‍ തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറുന്ന കാഴ്ചയാണ് ഇവിടെ. ബുധനും ശനിയുമായി ആഴ്ചയില്‍ രണ്ടു ദിനം സജീവമായിരുന്ന ചന്ത ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. പഴവങ്ങാടി പഞ്ചായത്തിന് വന്‍ തോതില്‍ വരുമാനം ഉണ്ടാക്കിയിരുന്ന ചന്ത ആളൊഴിയാന്‍ തുടങ്ങിയത് കോവിഡ് പ്രതിസന്ധിക്കു പിന്നാലെ വഴിയോര വാണിഭം സജീവമായതോടെയാണ്. ചന്തയ്ക്ക് സമാന്തരമായി പോകുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വീതിയുള്ളയിടങ്ങളിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്നിടങ്ങളിലും വഴിയോര വാണിഭം നിരന്നതോടെയാണ് ചന്തയില്‍ ആളില്ലാതായത്. പച്ചക്കറിയും മറ്റു വ്യാപാരങ്ങളും പാതകളില്‍ സജീവമായപ്പോഴും മത്സ്യ വിപണിയുമായി ബന്ധപ്പെട്ട് ചന്ത സജീവമായിരുന്നു.
റാന്നി പഞ്ചായത്തിലെ രാമപുരം ചന്ത അന്യം നിന്നതിന്റെ പിന്നാലെ ഇട്ടിയപ്പാറ ചന്തയുടെ പ്രതാപവും നഷ്ടപ്പെടുന്നുവെന്ന ആശങ്കയിലാണ് വ്യാപാരികളും നാട്ടുകാരും. നാടിനെ പ്രതിരോധത്തിലാക്കിയ കോവിഡും പഞ്ചായത്ത് ഭരണ സമതിയുടെ അനാസ്ഥയും കൂടിയായപ്പോൾ ചന്ത ശരിക്കും നിർജീവമായി. മധ്യ തിരുവതാംകൂറിലെ പ്രധാനപ്പെട്ട ചന്തകളിലൊന്നായിരുന്നു ഇട്ടിയപ്പാറയും രാമപുരവും. രാമപുരം നേരത്തെ തന്നെ അസ്തമിച്ചു. ഇട്ടിയപ്പാറ ചന്ത പേരിനു വേണ്ടി ഇപ്പോള്‍ പ്രവർത്തിക്കുന്നു. കോവിഡിന് മുന്‍പ് ശനിയും ബുധനും ചന്ത സജീവമായിരുന്നു. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലാണ് ഇട്ടിയപ്പാറ ചന്ത. നൂറോളം വ്യാപാരികൾ കച്ചവടത്തിനായി എത്തിയിരുന്നതാണിവിടെ. ചന്ത ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. പച്ചമീനും പച്ചക്കറികളുമായിരുന്നു പ്രധാന വിൽപന. കോവിഡിനു ശേഷം ചന്ത പ്രവർത്തനങ്ങൾ തുടങ്ങാൻ അനുവദിച്ചപ്പോൾ പച്ച മീൻ കടയും പച്ചക്കറിക്കടയും ഓരോന്നു വീതമായി. കൂടാതെ രണ്ട് ഉണക്കമീൻ വ്യാപാരികളുമുണ്ട്.
ചന്തയിലേക്ക് കയറി വരാൻ വഴി സൗകര്യവുമില്ലെന്ന് വ്യാപാരികൾ പറയുന്നു. പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിലൂടെയുള്ള വഴിയിൽ എല്ലാ ദിവസം ടാക്സി, സ്വകാര്യ വാഹനങ്ങൾ പാര്‍ക്കു ചെയ്യുന്നതിനാല്‍ ചന്തയിലെത്തുന്നതിന് തടസ്സമാണ്. സാധനങ്ങൾ വാങ്ങിയ ശേഷം ഇറങ്ങി പോകാനും പ്രയാസമാണ്. പഞ്ചായത്ത് പാർക്കിംഗ് ഗ്രൗണ്ട് വഴി തൽക്കാലം പടികള്‍ കെട്ടി കൊടുത്താൽ ആളുകൾക്ക് കയറാനും ഇറങ്ങാനും എളുപ്പമാകും. നിരവധി ലൈസൻസ് ഇല്ലാത്ത പച്ചമീൻ വ്യാപാരികൾ പഞ്ചായത്തിന്റെ ടൗൺ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നതായി വ്യാപാരികള്‍ പരാതി പറയുന്നു. ഇവിടെ വിൽക്കുന്ന മത്സൃങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്നുള്ള ആക്ഷേപവും ഇടയ്ക്കുണ്ടാകാറുണ്ട്. പുറത്തുള്ള കടകളിൽ എല്ലാ ദിവസങ്ങളിലും പച്ച മീൻ ലഭിക്കും. അതും ചന്തയില്‍ ആളെത്താതിരിക്കാന്‍ കാരണമായി.
ചന്ത പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമതി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ പറഞ്ഞു. ആദ്യപടിയായി ചന്തക്കുള്ളിലെ മാലിന്യ സംസ്ക്കരണത്തിനുള്ള നീക്കം ആരംഭിച്ചു.
പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ2010-15 കാലഘട്ടത്തിൽ നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റ് പുനർനിർമാണം നടത്തുന്നതിന് വേണ്ട കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നതിനു പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽ കുമാർ, വൈസ് പ്രസിഡണ്ട് ജോൺ എബ്രഹാം, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷെർലി ജോർജ്, പഞ്ചായത്തംഗങ്ങളായ റോബി കോശി, ബിജി, ജിജി വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.