കോന്നി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന് പത്തനംതിട്ട ജില്ലയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി ഐവാന്‍ ഡിസൂസ പറഞ്ഞു.
കേരളത്തില്‍ ഭരണം നടത്തുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും മഖമുദ്രയാക്കി ഭരണം നടത്തുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അസന്നിഗ്ദ്ധമായി തെളിഞ്ഞിരിക്കുകയാണ്. സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവരും ലഹരി കടത്ത് കേസില്‍ പ്രതിയായിരിക്കുകയാണ്.
പിന്‍വാതില്‍ നിയമനത്തിനെതിരെ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷ യുവജന സംഘടനകളും നടത്തുന്ന സമരത്തെ മര്‍ദ്ദിച്ചൊതുക്കുവാനും ചോരയില്‍ മുക്കിക്കൊല്ലുവാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരായ ജനരോഷം അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഐവാന്‍ ഡിസൂസ പറഞ്ഞു..
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രക്ക് പത്തനംതിട്ട ജില്ലയില്‍ ലഭിച്ച വന്‍ ജനപങ്കാളിത്തം യു.ഡി.എഫിന് അനുകൂലമായ വധിയെഴുത്ത് ഉണ്ടാക്കും എന്നതിന്റെ സൂചനയാണ്.
ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റുമാരുടെ കണ്‍വന്‍ഷന്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
കോന്നിയില്‍ നടന്ന കണ്‍വന്‍ഷന്‍ ഐവാന്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകുവാന്‍ ആരും ശ്രമിക്കരുതെന്നും എ.ഐ.സി.സി യും കെ.പി.സി.സി യുമാണ് ജയസാധ്യത മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി സെക്രട്ടറി എം.ആര്‍ അഭിലാഷ്, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കല്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, എം.എസ് പ്രകാശ്, മാത്യു ചെറിയാന്‍, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം സലിം പി. ചാക്കോ, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചന്‍ എഴിക്കകത്ത്, ബ്ലോക്ക് ഭാരവാഹികളായ ഐവാന്‍ വകയാര്‍, ശ്യം എസ് കോന്നി, ബൂത്ത്, മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.