കൊച്ചി: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇടപെടുമെന്ന് ഉറപ്പ് നൽകിയത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് തൊഴിൽ വകുപ്പുമായി ചേർന്ന് കാര്യങ്ങൾ നീക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. തൃശൂർ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങിയത്. പുറത്തെടുത്ത മൂന്നു പേരും മരിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
ഇവർ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. അതേസമയം സംസ്ഥാനത്ത് മഴ കനക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ കാറ്റ് കിഴക്കൻ കാറ്റാകുന്ന അപൂർവ സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനാൽ 50-60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുണ്ടാകുമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മലയോര ജനത പ്രത്യേകം ശ്രദ്ദിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിലായി 5929 ക്യാമ്പ് സൈറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആളുകൾ മാറി താമസിക്കണം. ജനങ്ങൾക്ക് എല്ലാ സഹായവും ലഭിക്കുമെന്നും എല്ലായിടത്തും ജാഗ്രത നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.