തിരുവനന്തപുരം : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് കേരളത്തില്‍ എത്തും. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന നദ്ദ വ്യാഴാഴ്ച്ച തൃശൂരിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും എന്‍ഡിഎ മുന്നണി യോഗവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.
ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന ബിജെപി സ്വീകരണം ഒരുക്കും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനിലേക്ക് ആനയിക്കും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ ജെ.പി. നദ്ദ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ച ചെയ്യും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തണമെന്ന സന്ദേശം അദ്ദേഹം സംസ്ഥാന നേതൃത്വത്തിന് നല്‍കാനാണ് സാധ്യത.
ശോഭ സുരേന്ദ്രനെ ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ട ഫോര്‍മുലയും അദ്ദേഹം അവതരിപ്പിച്ചേക്കും. വൈകുന്നേരം മാധ്യമങ്ങളെ കാണുന്ന നദ്ദ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്യും. പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അത്താഴ ചര്‍ച്ച നടത്തും. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ എന്‍ഡിഎ യോഗത്തിലും നദ്ദ പങ്കെടുക്കും. മുന്നണിയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. നാളെ രാവിലെ നെടുമ്പാശ്ശേരിക്ക് പോകുന്ന അദ്ദേഹം വ്യാഴാഴ്ച്ച വൈകുന്നേരം തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ദ്വിദിന കേരള സന്ദര്‍ശനത്തോടെ ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് കളത്തില്‍ സജീവമാകും.