കോന്നി : ”ചക്കയും മാങ്ങയും കൊണ്ട് ആറ് മാസം, അങ്ങനെയും ഇങ്ങനെയും ആറ് മാസം’ അങ്ങനെ ഒരു കൊല്ലം തീർന്നുകിട്ടുമെന്ന പഴമൊഴി ഈ ലോക്ക് ഡൗൺ കാലത്താണ് ശരിക്കും സത്യമായത്. ലോക്ക് ഡൗൺ കാലം ചക്ക കാലം കൂടി ആയതോടെ മലയോര മേഖലയിലെ താരമായി മാറിയിരിക്കുകയാണ് ചക്ക. സീസണിൽ ചക്ക സുലഭമായി ലഭിക്കുന്നതിനാൽ വീടുകളിലെ ഭക്ഷണ ക്രമത്തിൽ ചക്കയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.
ചക്ക വേവിച്ചത് മാത്രമല്ല, ഉപ്പേരി, എരിശേരി, തോരൻ, ചക്കക്കുരു കറി അങ്ങനെ തുടങ്ങി ചക്ക ഷേക്കിൽ വരെ എത്തിനിൽക്കുന്നു മലയോര ജനതക്ക് ചക്കയോടുള്ള പ്രിയം. പച്ചക്കറിയും മത്സ്യ മാംസാദികളും വാങ്ങുവാൻ ലോക്ക് ഡൗൺ കാലത്ത് പുറത്തുപോകാൻ പലപ്പോഴും കഴിയാതെ വന്ന മലയോര ജനതയും ചക്കയെയും ചക്ക വിഭവങ്ങളെയും കൂട്ടുപിടിച്ചു. ചക്ക മുള്ളുകളഞ്ഞ് ഭക്ഷ്യ യോഗ്യമാക്കേണ്ടത് കുറച്ച് സമയമെടുത്ത് ചെയ്യേണ്ട ജോലിയാണ്. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീടുകളിൽ തന്നെ ഉള്ളത് കാരണം കുടുംബാംഗങ്ങൾ ഒന്ന് ചേർന്ന് ചക്ക പാകപ്പെടുത്തുന്ന ജോലിയിലേക്ക് കടന്നതും സംഗതി എളുപ്പമാക്കിയതായി വീട്ടമ്മമാർ പറയുന്നു. വെറുതെ വീട്ടിലിരുന്ന് മടുത്തവർക്ക് ഒരു ജോലിയുമായി. മലയോര മേഖലയിൽ സുലഭമായി ലഭിക്കുന്ന ചക്ക ആളത്ര നിസാരക്കാരനൊന്നുമല്ല. പച്ചചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്ത് കഴിക്കുന്നതോ പ്രമേഹം കുറയ്ക്കുമെന്ന് ചില ഗവേഷണ ഫലങ്ങളിൽ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. 2018 മാർച്ചിൽ കേരളത്തിന്റെ ഔദ്യോഗിക ഫലമായും ചക്കയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും ചക്കയുടെ ശാസ്ത്രീയ ഗുണഫലങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും ജനങ്ങളുടെ മനസിൽ എന്നും ചക്ക വിഭവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്.