പിറവം : പിറവത്തിന് പുറമെ ഒരു സീറ്റ് കൂടി ആവശ്യപ്പെടാനൊരുങ്ങി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം. ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിലാണ് ഒരു സീറ്റ് കൂടി ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നത്.
അനൂപ് ജേക്കബിന്റെ പിറവം സീറ്റിൽ മാറ്റമുണ്ടാകില്ല. അധികമായി ഒരു സീറ്റ് എന്ന ആവശ്യമാണ് ജേക്കബ് വിഭാഗം മുന്നോട്ടു വെയ്ക്കുന്നത്. ജോണി നെല്ലൂർ അടക്കമുള്ള ഒരു വിഭാഗം വിട്ടുപോയെങ്കിലും പാർട്ടിയുടെ ശക്തി ചോർന്നിട്ടില്ലെന്ന് കാട്ടാനാണ് ജേക്കബ് വിഭാഗത്തിന്റെ ശ്രമം. പിറവത്തിനു പുറമെ അങ്കമാലിയിലാണ് ജേക്കബ് വിഭാഗത്തിന്റെ നോട്ടം. പിറവത്ത് യാക്കോബായ സഭ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് എടുക്കുമോയെന്ന ആശങ്ക പാർട്ടിയിൽ ഉണ്ട്. എന്നാൽ തന്റെ വോട്ട് ബാങ്കായ യാക്കോബായ സഭ ഒപ്പം ഉറച്ചുനിൽക്കുമെന്നാണ് അനൂപ് ജേക്കബിന്റെ പ്രതീക്ഷ.