തിരുവനന്തപുരം : യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം സംഘര്‍ഷം ഒഴിവാക്കി പരിഹരിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇരു സഭകളും തമ്മില്‍ ധാരണ. സമാധാന അന്തരീക്ഷം ഒരുക്കാന്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യമാണെന്ന് യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കി. കോടതിവിധിയുടെ ചട്ടകൂടില്‍ നിന്ന് മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നും പള്ളി ഏറ്റെടുക്കലിന് ഒരു ചര്‍ച്ചയും തടസമല്ലെന്നും ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം പറഞ്ഞു.
നാല്‍പ്പത്തിയഞ്ചു വര്‍ഷത്തിന് ശേഷം ഒരു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഒന്നിച്ചിരുന്ന ഇരു സഭാനേതൃത്വവും തുടര്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധയറിച്ചതാണ് പ്രധാന നേട്ടം. തര്‍ക്കങ്ങള്‍ ക്രമസമാധാന പ്രശ്‌നമാകാതെ പരിഹാരം കാണണമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുന്‍നിലപാടില്‍ നിന്ന് ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലെങ്കിലും തുടര്‍ചര്‍ച്ചകള്‍ക്ക് സന്നദ്ധതയറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെ പോസിറ്റീവായി കാണുന്നുവെന്ന് യാക്കോബായ സഭ പറഞ്ഞു.
എന്നാല്‍ തുടര്‍ചര്‍ച്ചകളും കോടതിവിധിയുടെ ചട്ടക്കൂടില്‍ നിന്നുമാത്രമേ സാധ്യമാകൂ എന്ന് ഓര്‍ത്തഡോക്‌സ് സഭ ഉറച്ചുനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ തുടരുമ്പോഴും അത് പള്ളി ഏറ്റെടുക്കലിന് തടസമല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പറഞ്ഞു. അധികം വൈകാതെ തുടര്‍ ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുങ്ങുമെന്ന് ഇരുവിഭാഗവും ഒരേ സ്വരത്തില്‍ വ്യക്തമാക്കി.