പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ യാക്കോബായ സഭാ വിശ്വാസികളുടെ ആരാാധനാ ഹാളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു കൈമാറിയതിനു ശേഷം യാക്കോബായ സഭാ വിശ്വാസികള്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന ഹാളാണ് സാമൂഹിക വിരുദ്ധര്‍ കേടുപാടുകള്‍ വരുത്തിയത്. മദ്ബഹയില്‍ സ്ഥാപിച്ചിരുന്ന മൈക്കും ഇലക്‌ട്രിക് വയറും മെഴുകുതിരി സ്റ്റാന്‍ഡ് അടക്കം എല്ലാ ആരാധന സാമഗ്രികളും നശിപ്പിച്ചു.
ഇന്നലെ രാവിലെ വികാരിയുടെ നേതൃത്വത്തില്‍ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണ് ഹാള്‍ അലങ്കോലമാക്കിയ നിലയില്‍ കണ്ടത്. മൈക്കും വയറും അടക്കം ചില സാമഗ്രികള്‍ ഹാളിനു പുറത്തു നിന്നു പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് സമീപമുള്ള സാന്തോം മലങ്കര കത്തോലിക്ക പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ കുര്‍ബാന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലം പരിശോധിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായും തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
പള്ളിക്കു സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വിശ്വാസികള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹാളിനു പിന്‍വശത്തു കൂടിയാണ് ശനിയാഴ്ച രാത്രി സാമൂഹിക വിരുദ്ധര്‍ അകത്തു കടന്നതെന്നാണ് സംശയം. ആരാധന തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് യാക്കോബായ സഭ ആരോപിച്ചു. യാക്കോബായ സഭ പ്രതിഷേധ യോഗവും ടൗണ്‍ ചുറ്റി റാലിയും നടത്തി. മാത്യൂസ് മാര്‍ അന്തീമോസ്, മാത്യൂസ് മാര്‍ അപ്രേം, വികാരി ഫാ.സാബു മുടവൂര്‍ , യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ.ബേസില്‍ ജേക്കബ് തെക്കിനാലില്‍ എന്നിവര്‍ പ്രസംഗിച്ചു.