ബെംഗളുരു: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കര്‍ണാടക ബിജെപിയില്‍ നിന്ന് രാജിവെച്ച ജഗദീഷ് ഷെട്ടറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ചരട് വലിച്ച് നേതാക്കള്‍. പാര്‍ട്ടിയില്‍ ചേരുന്നതില്‍ ഇന്ന് ചര്‍ച്ച നടത്തും. പ്രമുഖ ലിംഗായത്ത് നേതാക്കളായ ഷാമനൂര്‍ ശിവശങ്കരപ്പയുമായും എം ബി പാട്ടീലുമായും ഷെട്ടര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി പദവിയോ, ഗവര്‍ണര്‍ പദവിയോ നല്‍കാമെന്ന് ബിജെപി നേതൃത്വം പറഞ്ഞെങ്കിലും ഷെട്ടര്‍ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഷെട്ടര്‍ ബിജെപിയില്‍ വില പേശിയത്.
ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജഗദീഷ് ഷെട്ടര്‍ രാജി പ്രഖ്യാപിച്ചത്. എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ഹുബ്ബള്ളിയിലെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. പിന്നാലെയാണ് ഷെട്ടര്‍ രാജിവെച്ചത്.