പാലക്കാട്: നഗരസഭാ ഓഫീസിന് മേല്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ ബി.ജെ.പി നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. നഗരസഭ ഒാഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സ്ഥാനത്ത് ദേശീയ പതാക തൂക്കി. പോലീസ് ഇടപെട്ടാണ് ദേശീയപതാക എടുത്ത് മാറ്റിയത്.
‘ഇത് ആര്‍.എസ്.എസ്. കാര്യാലയമല്ല, നഗരസഭയാണ്. ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്നെഴുതിയ ഫ്ലക്സുമായാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. കുറച്ച് പ്രവര്‍ത്തകര്‍ ദേശീയ പതാകകളുമായി നഗരസഭാ ഓഫീസിന് മുകളില്‍ കയറി. ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സ്ഥാനത്ത് ദേശീയ പതാക തൂക്കുകയും ചെയ്തു. ഫ്ലക്സ് ഉയര്‍ത്തിയ പ്രവര്‍ത്തകരെ പോലീസ് പിടിച്ചു മാറ്റി.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്നയുടനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവാദമായ ഫ്ലക്സ് നഗരസഭാ ഓഫീസിനുമുകളില്‍ തുക്കിയിത്. ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സില്‍ ശിവജിയുടെ ചിത്രവും ഉണ്ടായിരുന്നു. മോദി-അമിത്ഷാമാരുടെ ചിത്രമുള്ള മറ്റൊരു ഫ്ലക്സും ഓഫീസിന് മുകളില്‍ തൂക്കി. നഗരസഭയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ അതിരുവിട്ട് ആഘോഷം. ഫ്ലക്സ് തൂക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വിവാദമായതിന് ശേഷവും സംഭവത്തെ ബി.ജെ.പി നേതാക്കളടക്കം പരസ്യമായി ന്യായീകരിക്കുകയായിരുന്നു. പോലീസ് പിന്നീട് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത്. കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകുമെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടും കേസെടുക്കാന്‍ നീക്കമുണ്ട്. ശരിയായ രീതിയിലല്ല ദേശീയപതാക ഉയര്‍ത്തിയതെന്ന് കാണിച്ച് കേസെടുക്കാനാണ് നീക്കം.